
ന്യൂഡല്‍ഹി: ജൂണ്‍ 30 വരെ രാജ്യത്ത് ടോക്കണൈസേഷന്‍ സംവിധാനം നടപ്പാക്കില്ല. ജനുവരി ഒന്നു മുതല്‍ പുതിയ സംവിധാനം നടപ്പാക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ആറു മാസം കൂടെ ആര്‍ബിഐ ഇതിനായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ വ്യാപാരികള്‍ ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പ്രത്യേക കോഡ് മാത്രം ശേഖരിക്കുന്ന സംവിധാനം നടപ്പാക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ കുറച്ചേക്കാം എന്നതുള്‍പ്പെടെയുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പ്രതികരണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലാവധി 2022 ജൂണ്‍ 30 വരെ നീട്ടിയത്. ഡാറ്റ ചോര്‍ച്ചയുള്‍പ്പെടെ തടയാനും ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നത് മൂലമുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാനും സഹായകരമാണ് ടോക്കണൈസേഷന്‍ എന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരുന്നത്. ആവര്‍ത്തിച്ചുള്ള ഇ-മാന്‍ഡേറ്റുകള്‍ ഒഴിവാക്കാനും സംവിധാനം സഹായകരമാകും.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ തന്നെയാണ് കാര്‍ഡ് വിവരങ്ങള്‍ക്ക് പകരമുള്ള പുതിയ കോഡ് രൂപീകരിക്കേണ്ടത്. എന്നാല്‍ മിക്ക ബാങ്കുകളും ഈ മാറ്റത്തിനു സജ്ജമായിട്ടില്ല എന്നാണ് സൂചന. ബാങ്കുകള്‍ സംവിധാനം നടപ്പാക്കാന്‍ സജ്ജമല്ലാത്തതിനാല്‍ വ്യാപാരികള്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെ വരുമാന നഷ്ടം ഉണ്ടായേക്കും എന്നതായിരുന്നു പ്രധാന ആശങ്ക. ഇപ്പോള്‍ ഒരു ഇടപാടുകാരന്‍ കാര്‍ഡ് സൈ്വപ് ചെയ്ത് പണം ഇടപാടുകള്‍ നടത്തിയാല്‍ ഒരു തവണ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ മതി. പിന്നീട് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വീണ്ടും വീണ്ടും ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക്കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടി വരാറില്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ ശേഖരിച്ച് വക്കുന്നതിനാല്‍ ആണിത്.
ഓണ്‍ലൈനിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി സാധനങ്ങള്‍ വാങ്ങുമ്പോഴും, കാര്‍ഡുകള്‍ സൈ്വപ് ചെയ്യുമ്പോഴും ഒക്കെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇങ്ങനെ എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളും ശേഖരിച്ച് വയ്ക്കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അനുവാദമില്ലാതെ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയാതെ വരും. കാര്‍ഡുകള്‍ മുഖേന പണമിടപാട് നടത്തുമ്പോള്‍ കാര്‍ഡ് നമ്പര്‍, സിവിവി നമ്പര്‍, കാര്‍ഡിന്റെ കാലാവധി തുടങ്ങിയ വിവരങ്ങള്‍ ആണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതിന് പകരം ഡിജിറ്റല്‍ കോഡ് അല്ലെങ്കില്‍ ടോക്കണ്‍ ആണ് ഇനി നല്‍കേണ്ടി വരിക.
സംവിധാനം നടപ്പാക്കാന്‍ ആറു മാസം കൂടെ സമയം അനുവദിച്ചിരിക്കുന്നത് ഈ രംഗത്തെ ആശങ്കകള്‍ ഒഴിവാക്കി മുന്നേറാന്‍ സഹായകരമാകും. കാര്‍ഡ് സേവന ദാതാക്കള്‍ക്കും കൂടുതല്‍ സമയം ലഭിക്കും. 2022 ജനുവരി ഒന്നു മുതല്‍ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് വ്യാപാരികളെ ആര്‍ബിഐ തടഞ്ഞിരുന്നു. സെപ്റ്റംബറില്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരമായി ഏകീകൃത ടോക്കണൈസേഷന്‍ സംവിധാനം നിര്‍ബന്ധമാക്കുന്നതായി ആയിരുന്നു പ്രഖ്യാപനം. എന്നാല്‍ മതിയായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ സംവിധാനം നടപ്പാക്കുന്നത് ഗുണത്തേക്കാള്‍ ദോഷമായേക്കും എന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കുന്നത്. നിലവിലെ അവസ്ഥയില്‍ വ്യാപാരികള്‍ക്ക് വരുമാന ന്ഷ്ടം ഉണ്ടാക്കുന്ന നടപടികളും പ്രോത്സാഹിപ്പിക്കാന്‍ ആകില്ല.