
തിരുവനന്തപുരം: ഒടുവില്‍ കേരളാ ബാങ്ക് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ അനുമതി. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നു. അതേസമയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തു. ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായെങ്കിലും പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചത്. ഈ നടപടി അംഗീകരിച്ചാണ് ആര്‍ബിഐ കേരള ബാങ്കിന് അനുമതി നല്‍കിയത്.
സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ച് അതിനെ കേരള ബാങ്കായി പുനര്‍നാമകരണം ചെയ്യാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഇതിനുള്ള പ്രാഥമികമായ അപേക്ഷ തത്ത്വത്തില്‍ അംഗീകരിച്ച റിസര്‍വ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് 19 നിബന്ധകളും മുന്നോട്ടു വച്ചു. എല്ലാ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കണമെന്നൊരു നിബന്ധന ഇതിലുണ്ടായിരുന്നു.
ആര്‍ബിഐ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ 13 ജില്ലകളിലെ സഹകരണബാങ്കുകളും പൊതുയോഗം വിളിച്ച് ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം സഹകരണബാങ്കിന്റെ ഭരണസമിതി യോഗം ചേര്‍ന്ന് കേരള ബാങ്കിന് എതിരായി പ്രമേയം പാസാക്കി. ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടികളും അവതാളത്തിലായി. ഇതേ തുടര്‍ന്ന് പൊതുഭരണസമിതി യോഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി.
ഈ നിയമഭേദഗതി സര്‍ക്കാര്‍ ആര്‍ബിഐക്ക് അയച്ചു കൊടുത്തു. ഈ പരിഷ്കാരം ആര്‍ബിഐ അംഗീകരിച്ചതോടെയാണ് അനുമതിക്ക് കളമൊരുങ്ങിയത്.ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആര്‍ബിഐക്ക് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയവയില്‍ നയ രൂപീകരണം, തീരുമാനമെടുക്കല്‍ എന്നിവയാണ് സെല്ലിന്റെ മുഖ്യ പ്രവര്‍ത്തന ലക്ഷ്യം.
ജില്ലാ ബാങ്കുകളുടെ ജനറല്‍ മാനേജര്‍മാരെ ഉള്‍പ്പെടുത്തി രണ്ട് മേല്‍നോട്ടക്കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന- ജില്ല ബാങ്കുകളുടെ ലയനം സുഗമമാക്കാന്‍ ഒരു കമ്മറ്റിയും കേരള ബാങ്കിന്റെ ഏകീകരണ രൂപരേഖയും ചുമതല നിര്‍ണയവും നിശ്ചയിക്കുന്നതിനായി മറ്റൊരു കമ്മറ്റിയും. സംസ്ഥാന സഹകരണ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍മാരാണ് കമ്മറ്റികളുടെ അധ്യക്ഷന്മാര്. ഇടുക്കി, വയനാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ബാങ്ക് ജനറല്‍ മനേജര്‍മാരാണ് ലയനകാര്യങ്ങളുടെ ചുമതലയിലുള്ള കമ്മിറ്റിയിലെ അംഗങ്ങള്‍.
കാസര്‍ഗോഡ്, കോട്ടയം, കൊല്ലം, എറണാകുളം ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരാണ് മറ്റൊരു കമ്മറ്റിയിലെ അംഗങ്ങള്‍. ഇത് കൂടാതെ ജില്ലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റും മൂലധന പര്യാപ്തതയും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പരിശോധിച്ച് തിട്ടപ്പെടുത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ഉപയോഗപ്പെടുത്തും.