
ഇന്ത്യന്‍ സമ്പദ് രംഗം കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും വളര്‍ച്ചയെന്നത് പടിപടിയായേ ഉണ്ടാകൂവെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനെ സ്വാധീനിക്കുന്ന അഞ്ച് മേഖലകള്‍ ഏതൊക്കെയെന്ന അദ്ദേഹത്തിന്റെ അഭിപ്രായം വെബിനാറില്‍ പങ്കുവെച്ചു.
വിദ്യാസമ്പന്നരും ആരോഗ്യവാന്മാരുമായ മനുഷ്യവിഭവ ശേഷി, ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കല്‍, കയറ്റുമതി, വിനോദസഞ്ചാരം, ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട മേഖലകള്‍ എന്നിവയാണ് അഞ്ചു മേഖലകള്‍. വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ കാര്യമാണ് നൈപുണ്യമുള്ള അറിവും അനുഭവവുമുള്ള ജനങ്ങള്‍. വിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയത് ജിഡിപിയുടെ ആറു ശതമാനം വരുന്ന തുക ചെലവഴിച്ച് പിപിപി അടിസ്ഥാനത്തില്‍ മികച്ച അടിസ്ഥാന സൗകര്യമൊരുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
സാര്‍സ്, എബോള, സിക്ക തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ലോകരാജ്യങ്ങളില്‍ മൂന്നു വര്‍ഷത്തേക്ക് നാലു ശതമാനം ഉല്‍പ്പാദന ക്ഷമത കുറച്ചുവെങ്കില്‍ കോവിഡ് അതിനേക്കാള്‍ കൂടുതല്‍ ആഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഈ പരിതസ്ഥിതി മറികടക്കാന്‍ കൂടുതല്‍ ഗവേഷണ പരീക്ഷണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് പറയുന്നു.
ആഗോളമൂല്യ ശൃംഖലയില്‍ പല വികസ്വര രാഷ്ട്രങ്ങളേക്കാളും താഴെയാണ് ഇന്ത്യയുടെ സ്ഥാനമെന്നും സാധ്യതകളുള്ള മേഖലയില്‍ കയറ്റുമതി പ്രോത്സാഹിപ്പിച്ച് അതിന് പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം പറയുന്നു. കോവിഡിന് ശേഷം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറയുന്നു. ഐറ്റി ഹാര്‍ഡ് വെയര്‍, ഇലക്ട്രിക്കല്‍ അപ്ലയന്‍സസ്, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളിലും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം രാജ്യം ശക്തമാക്കിയിട്ടുണ്ട്.
കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാക്കിയ മേഖലകളിലൊന്നാണ് ടൂറിസം. എന്നാല്‍ കോവിഡിന് ശേഷം വി ഷേപ്പിലുള്ളൊരു തിരിച്ചുവരവ് ഈ മേഖലയിലുണ്ടാകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ഉണര്‍വിന് കാരണമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ എന്ന പോലെ ഭക്ഷ്യസംസ്‌കരണ മേഖലയും ഇനി രാജ്യത്തിന്റെ സണ്‍റൈസ് വ്യവസായമായി മാറുമെന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നു.