
അച്ചടക്ക ലംഘനം, ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബജാജ് ഫിനാന്‍സിന് 2.50 കോടി രൂപ പിഴ ചുമത്തി. വായ്പ ശേഖരണ ശ്രമങ്ങളുടെ ഭാഗമായി റിക്കവറി ഏജന്റുമാര്‍ ഉപഭോക്താക്കളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് ആര്‍ബിഐ നടപടി.
ബജാജ് ഫിനാന്‍സിന്റെ വീണ്ടെടുക്കല്‍, ശേഖരണ രീതികള്‍ എന്നിവയെക്കുറിച്ച് നിരന്തരമായ പരാതികള്‍ കമ്പനിയ്ക്ക് ലഭിച്ചിരുന്നതായി സെന്‍ട്രല്‍ ബാങ്ക് വിജ്ഞാപനത്തില്‍ പറഞ്ഞു. ഇതനുസരിച്ച് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്തുകൊണ്ട് പിഴ ചുമത്തരുത് എന്ന് വിശദീകരിക്കാന്‍ ബജാജ് ഫിനാന്‍സിന് സമയം അനുവദിച്ചിരുന്നു.
എന്നാല്‍ നോട്ടീസിന് കമ്പനി നല്‍കിയ മറുപടിയും വ്യക്തിഗത ഹിയറിംഗിനിടെ നടത്തിയ വാക്കാലുള്ള സമര്‍പ്പണങ്ങളും കൂടാതെ അധിക രേഖകളും പരിശോധിച്ച ശേഷം, മുകളില്‍ പറഞ്ഞ ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ കുറ്റം തെളിയിക്കപ്പെട്ടതായും പിഴ ചുമത്തേണ്ടതായും റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.