
ന്യൂഡല്‍ഹി: സര്‍വോദയ കമ്മേഴ്‌സ്യല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ജൂലൈ 27 നാണ് ബാങ്കിന് മുകളില്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ടുള്ള ആര്‍ബിഐ ഉത്തരവിറങ്ങിയത്. ബാങ്ക് ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും ഇവര്‍ക്ക് താത്പര്യമുള്ള കമ്പനികള്‍ക്കും വായ്പകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണമായത്. വിഷയത്തില്‍ ബാങ്ക് അധികൃതര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമായതോടെയാണ് നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്.
നിലവില്‍ രാജ്യത്ത് ബാങ്കുകളുടെയെല്ലാം പ്രവര്‍ത്തനം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യതാത്പര്യവും ജനങ്ങളുടെ താത്പര്യവും മുന്‍നിര്‍ത്തിയാണ് ആര്‍ബിഐയുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും പാലിക്കേണ്ടതുണ്ട്. ഇത്തരം ലംഘനങ്ങളുണ്ടായതിനെ തുടര്‍ന്ന് മുമ്പും ആര്‍ബിഐ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിരുന്നു.