വാണിജ്യ ബാങ്കുകളുടെ എംഡി, സിഇഒ പദവികളുടെ കാലാവധി നിജപ്പെടുത്തി ആര്‍ബിഐ

April 27, 2021 |
|
News

                  വാണിജ്യ ബാങ്കുകളുടെ എംഡി, സിഇഒ പദവികളുടെ കാലാവധി നിജപ്പെടുത്തി ആര്‍ബിഐ

മുംബൈ: വാണിജ്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍ (എംഡി), ചീഫ് എക്‌സിക്യൂട്ടീവ് (സിഇഒ) പദവിയിലെ വ്യക്തികളുടെ സേവനകാലാവധി റിസര്‍വ് ബാങ്ക് 15 വര്‍ഷമായി നിജപ്പെടുത്തി. മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍ക്കും (ഡബ്ല്യുടിഡി) ഇതേ പരിധി ബാധകമാണെന്ന് തിങ്കളാഴ്ച റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു പ്രൊമോട്ടര്‍ / പ്രധാന ഓഹരി ഉടമ കൂടിയായ എംഡി, സിഇഒ അല്ലെങ്കില്‍ ഡബ്ല്യുടിഡിക്ക് 12 വര്‍ഷത്തില്‍ കൂടുതല്‍ ഈ തസ്തികകള്‍ വഹിക്കാന്‍ കഴിയില്ലെന്നും ആര്‍ബിഐ വിജ്ഞാപനത്തില്‍ പറയുന്നു. ഈ നിയമങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

അസാധാരണമായ സാഹചര്യങ്ങളില്‍, ആര്‍ ബി ഐയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ടര്‍ / പ്രധാന ഓഹരിയുടമകളായ എംഡി, സിഇഒ അല്ലെങ്കില്‍ ഡബ്ല്യുടിഡികള്‍ക്ക് 15 വര്‍ഷം വരെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാം. അത്തരം കേസ് പരിഗണിക്കുമ്പോള്‍, ആര്‍ബിഐ പ്രസ്തുത വാണിജ്യ ബാങ്കിന്റെ പുരോഗതിയുടെ നിലവാരത്തിന് അനുസരിച്ചാകും അത് കണക്കാക്കുക.

എന്നാല്‍, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അതേ ബാങ്കില്‍ എംഡി, സിഇഒ അല്ലെങ്കില്‍ ഡബ്ല്യുടിഡി ആയി വീണ്ടും നിയമിക്കപ്പെടുന്നതിന് ആ വ്യക്തിക്ക് അര്‍ഹതയുണ്ടാകുമെന്ന് 15 വര്‍ഷത്തെ പരിധി പരാമര്‍ശിച്ച് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷത്തെ കൂളിംഗ് പീരിയഡില്‍, വ്യക്തിയെ ഏതെങ്കിലും രീതിയില്‍ ബാങ്കുമായോ അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളുമായോ ബന്ധപ്പെടുത്താനോ നിയമിക്കാനോ കഴിയില്ലെന്നും വിജ്ഞാപനം പറയുന്നു.

സ്വകാര്യ ബാങ്കുകളില്‍ 70 വയസ്സിനപ്പുറം ഒരു വ്യക്തിക്കും എംഡി, സിഇഒ അല്ലെങ്കില്‍ ഡബ്ല്യുടിഡി ആയി തുടരാനാവില്ലെന്ന നിലവിലെ നിയമത്തില്‍ മാറ്റം ഉണ്ടാകില്ല. 70 വയസ്സ് എന്ന മൊത്തത്തിലുള്ള പരിധിക്കുള്ളില്‍, ബാങ്കിന്റെ ഭാഗമായി, കുറഞ്ഞ വിരമിക്കല്‍ പ്രായം നിര്‍ദ്ദേശിക്കാന്‍ ബാങ്ക് ബോര്‍ഡുകള്‍ക്ക് റിസര്‍വ് ബാങ്ക് സ്വാതന്ത്ര്യവും നല്‍കുന്നു.

Read more topics: # RBI, # ബാങ്ക്,

Related Articles

© 2024 Financial Views. All Rights Reserved