റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല; നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കാനാവശ്യം

September 28, 2020 |
|
News

                  റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല; നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കാനാവശ്യം

ഒക്ടോബറിലെ ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. സപ്ലൈ ചെയില്‍ പ്രതിസന്ധികള്‍ മൂലം റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആറ് അംഗ ധനനയ സമിതി (എംപിസി) ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29ന് യോഗം ചേരും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിന്റെ പ്രമേയം ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിക്കും. ഓഗസ്റ്റില്‍ നടന്ന കഴിഞ്ഞ എംപിസി യോഗത്തില്‍, പണപ്പെരുപ്പത്തെ മെരുക്കാനായി നയപരമായ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയിരുന്നു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ വളരെ ദുര്‍ബലമായ അവസ്ഥയിലാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ യോഗ ശേഷം അഭിപ്രായപ്പെട്ടത്.

ഫെബ്രുവരി മുതല്‍ ആര്‍ബിഐ പോളിസി നിരക്കുകളില്‍ 115 ബേസിസ് പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ ഓരോ ചലനങ്ങളും റിസര്‍വ് ബാങ്ക് സൂക്ഷമായി നിരീക്ഷിച്ചുവരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊവിഡ് -19 മൂലം സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

ആര്‍ബിഐ അതിന്റെ അനുയോജ്യമായ നിലപാട് നിലനിര്‍ത്തണം, അതേസമയം സിപിഐ (CONSUMER PRICE INDEX) പണപ്പെരുപ്പത്തിലെ സ്ഥിരത കണക്കിലെടുത്ത് നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കുക. വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് നിര്‍ണായകമാണെങ്കിലും, പണപ്പെരുപ്പത്തില്‍ എന്തെങ്കിലും മിതത്വം ഉണ്ടാകുന്നതുവരെ ആര്‍ബിഐക്ക് കാത്തിരിക്കാമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ്19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച സമ്പദ് വ്യവസ്ഥയിലെ സങ്കോചം മൂലം ഗുരുതരമായ വെല്ലുവിളികള്‍ വ്യവസായ രംഗം നേരിടുന്നതായി അസോചാം സെക്രട്ടറി ജനറല്‍ ദീപക് സൂദ് പറഞ്ഞു.

ഉയര്‍ന്ന പണപ്പെരുപ്പം ഉള്ളതിനാല്‍, ഇത്തവണ അവര്‍ നിരക്ക് കുറയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് യൂണിയന്‍ ബാങ്ക് എംഡിയും സിഇഒയുമായ രാജ്കിരന്‍ റായ് ജി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

Related Articles

© 2020 Financial Views. All Rights Reserved