പണപ്പെരുപ്പ ആശങ്കയില്‍ രാജ്യം; പെട്രോള്‍, ഡീസല്‍ നികുതി വെട്ടിക്കുറയ്‌ണെമെന്ന് റിസര്‍വ് ബാങ്ക്

February 06, 2021 |
|
News

                  പണപ്പെരുപ്പ ആശങ്കയില്‍ രാജ്യം; പെട്രോള്‍, ഡീസല്‍ നികുതി വെട്ടിക്കുറയ്‌ണെമെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും പതിയെ കരകയറുന്ന സാധാരണക്കാരന്റെ ജീവിതം വീണ്ടും കഷ്ടത്തിലാകുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്. 'പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിനില്‍ക്കുന്നു. ഈ അവസരത്തില്‍ പെട്രോളിയും ഉത്പന്നങ്ങള്‍ക്ക് മേല്‍ ഈടാക്കുന്ന നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാവണം', റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി വെള്ളിയാഴ്ച്ച പറഞ്ഞു.

നേരത്തെ, ബജറ്റില്‍ പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും കാര്‍ഷിക വികസന സെസ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സെസ് ജനങ്ങളില്‍ അധിക ഭാരമേല്‍പ്പിക്കാതിരിക്കാന്‍ അടിസ്ഥാന എക്സൈസ് തീരുവയും അധിക എക്സൈസ് തീരുവയും അനുപാതികമായി കേന്ദ്രം കുറച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ 2.5 രൂപയാണ് സാധാരണ പെട്രോളില്‍ പ്രാബല്യത്തില്‍ വരുന്ന ഇറക്കുമതി തീരുവ. ഇതിനൊപ്പം ഓരോ ലിറ്റര്‍ പെട്രോളിനും 14.90 രൂപ നികുതി, 18 രൂപ കസ്റ്റംസ് ഡ്യൂട്ടി, 1.40 രൂപ അടിസ്ഥാന എക്സൈസ് തീരുവ, 2.5 രൂപ കാര്‍ഷിക വികസന സെസ് എന്നിവ കൂടി ഈടാക്കപ്പെടും. ഓരോ സംസ്ഥാനത്തും പെട്രോളിലും ഡീസലിലുമുള്ള നികുതി ഘടന വ്യത്യസ്തമാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

എന്തായാലും നികുതി നിരക്കുകള്‍ വെട്ടിക്കുറച്ച് പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാവണമെന്നാണ് റിസര്‍വ് ബാങ്കിന്റെ ആവശ്യം. രാജ്യത്തെ ഭക്ഷ്യ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തെക്കുറിച്ചും റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്യുന്നുണ്ട്. ഡിസംബറില്‍ ഭക്ഷ്യ വില സൂചിക 9.5 ശതമാനത്തില്‍ നിന്നും 3.41 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കുറഞ്ഞത് പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പു വര്‍ഷം നാലാം പാദം 5.2 ശതമാനമായിരിക്കും ചില്ലറ പണപ്പെരുപ്പ നിരക്കെന്ന് പ്രവചനം റിസര്‍വ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം ആദ്യ പാദം ഇത് 5.2 മുതല്‍ 5.0 ശതമാനം വരെയായി ചുരുങ്ങാം. 2022 സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ 4.3 ശതമാനം പണപ്പെരുപ്പ നിരക്കാണ് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved