സ്വര്‍ണ വായ്പയില്‍ കൂടുതല്‍ പണം വാങ്ങാം; ആഭരണ മൂല്യത്തിന്റെ 90 ശതമാനം വായ്പാ തുകയായി നല്‍കാമെന്ന് റിസര്‍വ് ബാങ്ക്

August 06, 2020 |
|
News

                  സ്വര്‍ണ വായ്പയില്‍ കൂടുതല്‍ പണം വാങ്ങാം; ആഭരണ മൂല്യത്തിന്റെ 90 ശതമാനം വായ്പാ തുകയായി നല്‍കാമെന്ന് റിസര്‍വ് ബാങ്ക്

സ്വര്‍ണ വായ്പ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ലഘൂകരിച്ചു. ഇത് സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കൂടുതല്‍ വായ്പ എടുക്കാന്‍ സഹായിക്കും. നിലവിലെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച്, സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന്റെ 75% വരെയാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. എന്നാല്‍ കോവിഡ്-19 ന്റെ ആഘാതം ലഘൂകരിക്കാനായി ഇത്തരം വായ്പകള്‍ക്ക് അനുവദനീയമായ വായ്പാ തുക ആഭരണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനമാക്കി ഉയര്‍ത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

അതായത് നിലവില്‍ സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ ലഭിക്കുന്ന ആഭരണണത്തിന്റെ മൂല്യത്തിന്റെ 75% വായ്പ തുകയ്ക്ക് പകരം ഇനി 90 ശതമാനം തുക വായ്പയായി ലഭിക്കും. ഈ ഇളവ് 2021 മാര്‍ച്ച് 31 വരെ ലഭ്യമാണ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍, സ്വര്‍ണ്ണ പണയ വായ്പകള്‍ക്ക് ബാങ്കുകളില്‍ ആവശ്യക്കാര്‍ കൂടിയിരുന്നു. ഇത് മറ്റ് വായ്പകളേക്കാള്‍ സുരക്ഷിതമാണെന്ന് ബാങ്കുകളും കരുതുന്നു.

ലോകമെമ്പാടുമുള്ള മഹാമാരി നാശനഷ്ടങ്ങള്‍ മൂലം ഈ സാമ്പത്തിക വര്‍ഷം ജിഡിപി ചുരുങ്ങുമെന്ന് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നു. മാത്രമല്ല അപകടകരമായ ബിസിനസ്സും വ്യക്തിഗത വായ്പകളും തിരിച്ചടയ്ക്കാന്‍ ആളുകള്‍ പാടുപെടും എന്ന ആശങ്ക വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വായ്പാ കമ്പനികള്‍ക്ക് പുറമെ നിരവധി പൊതുമേഖല, സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്വര്‍ണ്ണ വായ്പകള്‍ക്ക് നിരവധി പ്രമോഷണല്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

അനിശ്ചിതത്വങ്ങളെ മറികടക്കാന്‍ ആളുകള്‍ ഹ്രസ്വകാല വായ്പകള്‍ എടുക്കുന്നതിനാല്‍ സ്വര്‍ണ വായ്പയ്ക്ക് ഡിമാന്‍ഡ് ഉയരുന്നുണ്ടെന്ന് ഗോള്‍ഡ് ഫിനാന്‍സിംഗ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന് ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ 4% ഉയര്‍ന്നു.

താല്‍ക്കാലിക സാമ്പത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വര്‍ണ്ണ വായ്പ നിങ്ങളെ സഹായിക്കും, എന്നാല്‍ വായ്പയുടെ കാലാവധി ഹ്രസ്വമായി നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കുക. പ്രോസസ്സിംഗ് ഫീസ് കൂടാതെ, വായ്പ നല്‍കുന്ന പല ബാങ്കുകളും മൂല്യനിര്‍ണ്ണയ ചാര്‍ജുകളും ഈടാക്കിയേക്കാം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved