ആര്‍ബിഐ വായ്പ നയം: റിപ്പോ നിരക്കില്‍ മാറ്റമില്ല

April 07, 2021 |
|
News

                  ആര്‍ബിഐ വായ്പ നയം:  റിപ്പോ നിരക്കില്‍ മാറ്റമില്ല

പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആര്‍ബിഐയുടെ ആദ്യ പണവായ്പ നയത്തില്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് നിലവിലുള്ള 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തന്നെ നിലനിര്‍ത്തുവാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. 2020 സാമ്പത്തിക വര്‍ഷത്തിലൂടനീളം നിരക്കുകളോട് ആര്‍ബിഐ മൃദുസമീപനം കൈക്കൊള്ളണമെന്നാണ് ധനകാര്യ വിദഗ്ധരുടെ അഭിപ്രായം. ഈ അവര്‍ഷം അവസാനത്തിലോ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലോ മാത്രം നിരക്ക് വര്‍ധന പരിഗണിച്ചാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു.

കോവിഡ് രോഗ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് സമ്പദ്ഘടന പതിയെ മെച്ചപ്പെട്ടു വരുന്നതേയുള്ളൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന ഒഴിവാക്കിയിരിക്കുന്നത്. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലയുരുത്തി. 2021 സാമ്പത്തികവര്‍ഷത്തെ നാലാം പാദത്തില്‍ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതും ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് വീണ്ടും ഭീഷണിയുയര്‍ത്തുന്നുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6 ശതമാനം ചുരുങ്ങിയതും തിരിച്ചടിയായി. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കില്‍ ആര്‍ബിഐ 2.50 ശതമാനത്തിന്റെ കുറവാണുവരുത്തിയത്. രോഗവ്യാപനം സമ്പദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിനായി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള ആര്‍ബിഐയുടെ നിലപാട് തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കി. വാക്സിനേഷന്‍ ആരംഭിച്ചത് പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved