ആര്‍ബിഐ ധനനയ പ്രഖ്യാപനം; ആശങ്കകള്‍ എന്തെല്ലാം?

April 05, 2022 |
|
News

                  ആര്‍ബിഐ ധനനയ പ്രഖ്യാപനം; ആശങ്കകള്‍ എന്തെല്ലാം?

പണപ്പെരുപ്പനിരക്ക് കുതിച്ചുയരുകയും എന്നാല്‍ കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥ സാവധാനം കരകയറുകയും ചെയുന്ന വിപരീത സാഹചര്യങ്ങളെ ആര്‍ബിഐ ധനനയത്തില്‍ എങ്ങനെ പരിഗണിക്കുമെന്നത് എല്ലാവരും കാത്തിരിക്കുന്ന കാര്യമാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ധനനയ അവലോകന യോഗം ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കുകയാണ്. വായ്പാ നിരക്കില്‍ ഏത് വിധേനയുള്ള മാറ്റമാണ് വരുത്തുക എന്നതാണ് ഈ സാഹചര്യത്തില്‍ സാമ്പത്തിക രംഗം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 8 നാണ് ധനനയം പ്രഖ്യാപിക്കുക. നിലവിലെ ആഭ്യന്തര, ആഗോള സാഹചര്യത്തില്‍ പലിശ നിരക്കിന്റെ കാര്യത്തില്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്താനാവും ആര്‍ബിഐ ശ്രമിക്കുക എന്നാണ് വിലയിരുത്തലുകള്‍. വളര്‍ച്ചാ അനുപാതത്തെ പിന്തുണയ്ക്കുന്ന നയമാകും ആര്‍ബിഐ സ്വീകരിക്കക എന്നാണ് പൊതുവേയുള്ള ധാരണ.

പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹന പരിധിയും കടന്ന് കുതിക്കുകയാണ്. 6.07 ആണ് നിലവിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്. യുക്രെയ്ന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ആഭ്യന്തര, ആഗോള പ്രശ്നങ്ങളും സമ്പദ് വ്യവ്സ്ഥയ്ക്ക് ഭീഷണിയായി തുടരുന്നു. കോവിഡ് പിന്‍മാറിയതോടെ സമസ്ത മേഖലയും സാവധാനം കരകയറി വരികയുമാണ്. പണപ്പെരുപ്പമെന്ന ഒറ്റ ഘടകം പരിഗണിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയാല്‍ അത് സമ്പദ് വ്യവ്സഥയുടെ വളര്‍ച്ചാ നിരിക്കിനെ സ്വാധീനിച്ചേക്കാം. സാഹചര്യം വിലയിരുത്തി ധനനയത്തില്‍ മുന്നോട്ടുള്ള ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് അനുമാനം വര്‍ധിപ്പിച്ചേക്കാം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നയമായിരുന്നു ആര്‍ബിഐ സ്വീകിരിച്ചത്. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു. നിലവില്‍ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.5 ശതമാനത്തിലാണ്. ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved