
ന്യൂഡല്‍ഹി: വന്‍കിട കോര്‍പറേറ്റ്, വ്യവസായ സ്ഥാപനങ്ങളെ ബാങ്കുകളുടെ പ്രമോട്ടര്‍മാരാക്കാവുന്നതാണെന്ന് റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര സമിതി ശുപാര്‍ശ ചെയ്തു. വായ്പ സംബന്ധിച്ചുള്‍പ്പെടെ പ്രശ്‌നങ്ങളൊഴിവാക്കാന്‍ ഇതിനായി ബാങ്കിങ് നിയന്ത്രണ നിയമം (1949) ഭേദഗതി ചെയ്യണമെന്നു സമിതി വ്യക്തമാക്കി.പ്രമോട്ടര്‍മാരുടെ ഓഹരി നിലവിലെ 15 ശതമാനത്തില്‍നിന്ന് 26 ശതമാനമാക്കാം. പ്രമോട്ടര്‍മാര്‍ അല്ലാത്തവരുടെ ഓഹരി 15 ശതമാനമെന്നു നിജപ്പെടുത്തണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും 50,000 കോടി രൂപയെങ്കിലും ആസ്തിയുള്ളതുമായ ബാങ്കിങ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്‌സി) ബാങ്കുകളാക്കി മാറ്റാം. 10 വര്‍ഷമെങ്കിലും പ്രവര്‍ത്തനമുള്ളവയെയാണ് പരിഗണിക്കേണ്ടത്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ എന്‍ബിഎഫ്‌സികളെയും പരിഗണിക്കാം.
വന്‍കിട ബാങ്കുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കാന്‍ ആവശ്യമായ മൂലധനം 500 കോടിയില്‍നിന്ന് 1000 കോടിയാക്കുക, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടേത് 200 കോടിയില്‍നിന്ന് 300 കോടിയാക്കുക, പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആവാന്‍ 3 വര്‍ഷത്തെ പ്രവര്‍ത്തനം പരിചയം തുടങ്ങിയവയും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ലൈസന്‍സ് സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുമ്പോള്‍ അവ ഉദാരമെങ്കിലും കര്‍ശനമെങ്കിലും നിലവിലെ ബാങ്കുകള്‍ക്കും ബാധകമാക്കണം. എന്നാല്‍, നിലവിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിലുള്ള മാറ്റം അനുവദിക്കണമെന്നും സമിതി വ്യക്തമാക്കി. റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജനുവരി 15വരെ അഭിപ്രായങ്ങള്‍ സ്വീകരിക്കും.