ഇന്ത്യയുടെ വളര്‍ച്ച അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്; 7.8 ശതമാനം മാത്രം

February 10, 2022 |
|
News

                  ഇന്ത്യയുടെ വളര്‍ച്ച അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്;  7.8 ശതമാനം മാത്രം

മുംബൈ: വരുന്ന സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ച അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. നേരത്തെ 9.2 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു ആര്‍ബിഐയുടെ അനുമാനം. ഇത് 7.8 ശതമാനമായാണ് കുറച്ചത്. ഇക്കണോമിക് സര്‍വേയില്‍ ധനമന്ത്രാലയം മുന്നോട്ടുവച്ച വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്. അതേസമയം അടുത്ത സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വേയിലെ പ്രവചനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗം പൂര്‍ണതോതില്‍ തിരിച്ചുവന്നിട്ടില്ലെന്ന്, വായ്പാവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധന ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു തടസ്സമായി നില്‍ക്കുന്നുണ്ട്. കോവിഡിനു മുന്‍പുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുവരവിന് സമയമെടുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

തുടര്‍ച്ചയായ പത്താമത്തെ തവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ പണ നയം പ്രഖ്യാപിച്ചത്. റിപ്പോ 4 ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമായി തുടരും. നടപ്പു പാദത്തില്‍ പണപ്പെരുപ്പം അനുവദനീയ പരിധിക്കുള്ളിലായിരിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കും. രൂപ തിരിച്ചുവരവിന്റെ പാതയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved