
ന്യൂഡല്‍ഹി: അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. അര്‍ബന്‍ ബാങ്കുകളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ ഭാവിയില്‍ വര്‍ധിക്കുമെന്നും ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ റിസര്‍വ് ബാങ്ക് 5 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന 'ഗാര്‍ഡ്' എന്ന രൂപരേഖയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഭരണപരമായ ഉള്‍ക്കാഴ്ച, പുതിയ സാങ്കേതിക വിദ്യയുടെ പിന്തുണ, ഉചിതമായ നയവും മേല്‍നോട്ടവും, അനുയോജ്യമായ സഹകരണം, സൈബര്‍ സുരക്ഷയ്ക്കു വേണ്ടിയുള്ള നൈപുണ്യ വികസനം എന്നിവയുള്‍പ്പെടുന്ന നയരേഖ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുകയാണു ലക്ഷ്യം. അര്‍ബന്‍ ബാങ്കുകളുടെ വലുപ്പവും ഘടനയും വിലയിരുത്തുമ്പോള്‍ എല്ലാവര്‍ക്കും ഒരേ തരത്തിലൂള്ള സൈബര്‍ സുരക്ഷയും നയവും പ്രായോഗികമല്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനാകും ഇക്കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്തമെന്നാണ് നിര്‍ദേശം.
വിവിധ തലത്തിലുള്ള സൈബര്‍ സുരക്ഷ ഒരുക്കണം. ഓരോ അര്‍ബന്‍ സഹകരണ ബാങ്കുകളും നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകള്‍ കൃത്യമായ സൈബര്‍ സുരക്ഷയൊരുക്കാന്‍ മറ്റു ബാങ്കുകളുടെ സഹകരണം തേടണം. സൈബര്‍ സുരക്ഷയൊരുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ബാങ്കുകളുടെ ബോര്‍ഡിനായിരിക്കും. സൈബര്‍ സുരക്ഷയ്ക്കാവശ്യമായ ഘടന ബാങ്കിന്റെ ബോര്‍ഡുകള്‍ നിശ്ചയിക്കണം. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫിസര്‍, ഐടി സ്ട്രാറ്റജി കമ്മിറ്റി ഉള്‍പ്പെടെയുള്ള കമ്മിറ്റികള്‍ എന്നിവയെ ഇതിനു വേണ്ടി നിയമിക്കണം.