സുരക്ഷിതം സ്വര്‍ണം; സ്വര്‍ണം വാങ്ങുന്നത് ഇരട്ടിയാക്കി ആര്‍ബിഐ

May 28, 2022 |
|
News

                  സുരക്ഷിതം സ്വര്‍ണം;  സ്വര്‍ണം വാങ്ങുന്നത് ഇരട്ടിയാക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഇരട്ടിയാക്കി ആര്‍ബിഐ. സുരക്ഷിത മൂലധനമെന്ന നിലയിലാണ് കൂടുതല്‍ സ്വര്‍ണം വാങ്ങുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണം വാങ്ങുന്നത് 65 ടണ്ണായാണ് ഉയര്‍ത്തുന്നത്. 2020 ജൂണിനും 2021 മാര്‍ച്ചിനും ഇടയിലുള്ള ഒമ്പത് മാസ കാലയളവില്‍ 33.9 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്.

ആര്‍ബിഐയുടെ സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം 30 ശതമാനം ഉയര്‍ന്ന് 3.22 ലക്ഷം കോടി രൂപയായി. ഇതില്‍ 1.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ആര്‍ബിഐയുടെ ഇഷ്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്തിയായും 1.97 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായുമാണ് സൂക്ഷിച്ചിരിക്കുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണ വില ഉയരുന്നതുമാണ് കൂടുതല്‍ സ്വര്‍ണം കരുതല്‍ ശേഖരമാക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്. ആര്‍ബിഐയുടെ ആഭ്യന്തര ആസ്തി 28.22 ശതമാനം ആണ്. കഴിഞ്ഞ വര്‍ഷം 26.42 ശതമാനമായിരുന്നു. അതേസമയം വിദേശ കറന്‍സിയും സ്വര്‍ണ്ണവും ഉള്‍പ്പെടുന്ന   ആസ്തി മാര്‍ച്ച് അവസാനത്തോടെ 71.78 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇത് 73.58 ശതമാനമായിരുന്നു.  

മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം ആറുമാസം മുമ്പുണ്ടായിരുന്ന 5.88 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് അവസാനത്തോടെ 7 ശതമാനമായാണ് ഉയര്‍ന്നത്. മാര്‍ച്ച് അവസാനം ആര്‍ബിഐയുടെ കൈവശമുള്ളത് 760.42 മെട്രിക് ടണ്‍ സ്വര്‍ണമാണ് (11.08 മെട്രിക് ടണ്‍ സ്വര്‍ണ നിക്ഷേപം ഉള്‍പ്പെടെ). ഇതില്‍ 453.52 മെട്രിക് ടണ്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെയും (ബിഐഎസ്) പക്കലാണ്, 295.82 മെട്രിക് ടണ്‍ സ്വര്‍ണം പ്രാദേശികമായും സൂക്ഷിച്ചിരിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved