കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സില്‍ ഉയര്‍ച്ച; പ്രതീക്ഷ നല്‍കുന്ന ഫലവുമായി റിസര്‍വ്വ് ബാങ്ക്

February 06, 2021 |
|
News

                  കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സില്‍ ഉയര്‍ച്ച; പ്രതീക്ഷ നല്‍കുന്ന ഫലവുമായി റിസര്‍വ്വ് ബാങ്ക്

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷത്തെ ഈ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍. എങ്കിലും പ്രതീക്ഷ നല്‍കുന്ന വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉപഭോക്തൃ ആത്മവിശ്വാസത്തില്‍ (കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ്) ഉണ്ടായ വര്‍ദ്ധനയാണ് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫെബ്രുവരി മാസത്തിലേക്കുള്ള കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് 55.5 പോയന്റ് ആണ്. താരതമ്യേന കുറഞ്ഞ ഒരു നിരക്കാണിത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എങ്കില്‍ പോലും 2020 നവംബറില്‍ 52.3 പോയന്റ് എന്ന താഴ്ന്ന നിലയില്‍ നിന്നും ഏറെ മുന്നോട്ട് പോന്നിട്ടുണ്ട് എന്നതാണ് ആശ്വാസം.

ഈ വര്‍ഷം കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് 117.1 പോയന്റിലേക്ക് എത്തുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. നലംബര്‍ 2020 ല്‍ ഇത് 115.9 പോയന്റുകള്‍ ആയിരുന്നു. എന്തായാലും പ്രതീക്ഷ പകരുന്ന ഒന്ന് തന്നെയാണിത് എന്നാണ് വിലയിരുത്തല്‍. ഇന്‍ഡക്സ് മൂല്യം 100 ല്‍ താഴെ ആണെങ്കില്‍ അത് ദോഷചിന്തയും 100 ന് മുകളില്‍ എങ്കില്‍ ശുഭാപ്തി വിശ്വാസവും എന്നാണ് കണക്കാക്കുന്നത്.

രാജ്യത്തെ പ്രധാനപ്പെട്ട 13 നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. 5,351 കുടുംബങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രധാന മേഖലകളില്‍ എല്ലാം തന്നെ വലിയ തിരിച്ചടിയാണ് ഇപ്പോഴുള്ളത് എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.

പൊതു സാമ്പത്തിക സാഹചര്യത്തില്‍ ഈ വര്‍ഷം വലിയ അഭിവൃദ്ധിയുണ്ടാകും എന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. അതുപോലെ തന്നെ, ജോലി സാഹചര്യങ്ങളിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്. കൊവിഡ് ലോക്ക് ഡൗണും അതേതുടര്‍ന്നുണ്ടായ പ്രതിസന്ധികളും ആണ് എല്ലാ മേഖലകളേയും തകിടം മറിച്ചത്.

അടുത്ത ഒരു വര്‍ഷം ചെലവുകള്‍ കുറയുമെന്ന വിലയിരുത്തലും സര്‍വ്വേയില്‍ ഉണ്ട്. അവശ്യ സാധനങ്ങള്‍ക്കുള്ള ചെലവില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ അടുത്ത ഒരു വര്‍ഷത്തില്‍ അത്യാവശ്യമില്ലാത്ത ചെലവുകള്‍ ഇതേ നിലയില്‍ തുടരുകയോ അല്ലെങ്കില്‍ കുറയുകയോ ചെയ്യുമെന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത് എന്നാണ് സര്‍വ്വേ പറയുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved