ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ; അറിയാം

April 21, 2022 |
|
News

                  ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ; അറിയാം

രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്സി) കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ. രാജ്യത്തെ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഒരേ പോലെ നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി. പുതിയ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ക്ക് വായ്പകള്‍ നല്‍കുന്നതിന് ആര്‍ബിഐ പരിധി നിശ്ചയിച്ചുണ്ട്. ഒരു പ്രത്യേക സ്ഥാപനത്തിന് എന്‍ബിഎഫ്സിയുടെ ക്യാപിറ്റല്‍ ബേസിന്റെ 20 ശതമാനം മാത്രമേ വായ്പ നല്‍കാന്‍ സാധിക്കു. അതില്‍ കൂടുതല്‍ ( 5 ശതമാനം വരെ) വായ്പ അനുവദിക്കുന്നതിന് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഒരു ഗ്രൂപ്പിനാണെങ്കില്‍ 25 ശതമാനം വരെയും ബോര്‍ഡിന്റെ അനുമതിയോടെ 35 ശതമാനം വരെയും വായ്പ അനുവദിക്കാം.

അതേ സമയം അടിസ്ഥാന സൗകര്യ വികസനത്തിനായി 25 ശതമാനം വരെയും, ടയര്‍-1 ക്യാപിറ്റലില്‍ നിന്ന് 5 ശതമാനം അധികവും വായ്പ അനുവദിക്കാം. പരിധി ലംഘിക്കുന്ന എന്‍ബിഎഫ്സികള്‍ക്കുമേല്‍ ആര്‍ബിഐ നടപടിയെടുക്കും. മിഡ്-ലെയര്‍, ബേസ്-ലെയര്‍ എന്‍ബിഎഫ്സികളുടെ പ്രവര്‍ത്തനങ്ങളിലും ആര്‍ബിഐ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്‍ബിഎഫ്സികളുടെ സിഇഒ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്.

കൂടാതെ അപ്പര്‍ ലെയറിലുള്ള എന്‍ബിഎഫ്സികള്‍ 3 വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യണെമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ബിഐ നിശ്ചയിക്കുന്ന പരിധിയില്‍ കൂടുതലാണ് എന്‍ബിഎഫ്സികളുടെ കിട്ടാകടമെങ്കില്‍ ഓരോ മേഖലയ്ക്കും പ്രത്യേകമായി അനുവദിക്കുന്ന നീക്കിയിരിപ്പ് തുക, വിവിധ മേഖലകളിലുള്ള ആസ്തികള്‍ തുടങ്ങിയ കാര്യങ്ങളും ആര്‍ബിഐയെ അറിയിക്കണം. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് ലയനം, എന്‍ബിഎഫ്സികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved