റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ 9 ന് ധനനയം പ്രഖ്യാപിക്കും

October 07, 2020 |
|
News

                  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ 9 ന് ധനനയം പ്രഖ്യാപിക്കും

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ 9 ന് ധനനയം പ്രഖ്യാപിക്കും. ധനനയ സമിതിയുടെ (എംപിസി) അടുത്ത യോഗം 2020 ഒക്ടോബര്‍ ഏഴ് മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ പറഞ്ഞു. മൂന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ അഷിമ ഗോയല്‍, ജയന്ത് ആര്‍ വര്‍മ്മ, ശശാങ്ക ഭിഡെ എന്നിവരെ റിസര്‍വ് ബാങ്കിന്റെ ധനനയ സമിതിയില്‍ അംഗങ്ങളായി സര്‍ക്കാര്‍ നിയമിച്ചു. ആര്‍ബിഐ നിയമപ്രകാരം മൂന്ന് പുതിയ അംഗങ്ങള്‍ക്ക് നാല് വര്‍ഷത്തെ കാലാവധിയുണ്ടാകും.

അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐഐഎം) പ്രൊഫസറാണ് ജയന്ത് വര്‍മ്മ. ധനകാര്യ വിപണി മേഖലയിലെ വിദഗ്ധനാണ് അദ്ദേഹം. മൂലധന വിപണി, സ്ഥിര വരുമാനം, ബദല്‍ നിക്ഷേപം, കോര്‍പ്പറേറ്റ് ധനകാര്യം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുളള ആളാണ് അദ്ദേഹം. മൂന്നു വര്‍ഷമായി ഐഐഎമ്മിന്റെ ഡീന്‍ ആണ്. ധനനയ രൂപീകരണത്തില്‍ ദീര്‍ഘകാല അനുഭവ പരിചയമുളള വ്യക്തയാണ് അഷിമ ഗോയല്‍. മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എംപിസി) ഒരു ബാഹ്യ അംഗമായി അഷിമ ?ഗോയലിനെ പരി?ഗണിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കൃഷി, മാക്രോ ഇക്കണോമിക് മോഡലിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഗവേഷണ പരിചയമുളള വ്യക്തയാണ് ശശാങ്ക ഭിഡെ. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചില്‍ (എന്‍സിഎആര്‍) മുതിര്‍ന്ന ഉപദേശകനാണ് അദ്ദേഹം. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് ചേഞ്ചിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. പലിശ നിരക്ക് ക്രമീകരണ ചുമതല 2016 ല്‍ സര്‍ക്കാര്‍ ആര്‍ബിഐ ഗവര്‍ണറില്‍ നിന്ന് ആറ് അംഗ എംപിസിയിലേക്ക് മാറ്റി. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള പാനലിന്റെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങളായിരിക്കും.

Related Articles

© 2025 Financial Views. All Rights Reserved