
മുംബൈ: യെസ് ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിയുമായി എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യെസ് ബാങ്കിനായുള്ള പുനര്‍നിര്‍മ്മാണ പദ്ധതി ഒരാഴ്ചയ്ക്കുള്ളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിക്കും. 26 ശതമാനം ഓഹരികള്‍ക്കായി പരമാവധി 6,000 കോടി രൂപയായിരിക്കും മുതല്‍മുടക്കുക. ഇത് ആഗോള നിക്ഷേപകരുടെ ഒരു കൂട്ടം നിക്ഷേപിക്കുന്ന തുകയ്ക്ക് സമാനമായ തുകയായിരിക്കുമെന്ന് വിവരം ലഭിക്കുന്നുണ്ട്. യെസ് ബാങ്കിലെ മൊറട്ടോറിയം നീക്കിക്കഴിഞ്ഞാല്‍ നിക്ഷേപത്തിന് കുറഞ്ഞത് 8,000-10,000 കോടി രൂപയുടെ ലഭ്യത ഉറപ്പ് നല്‍കാനുള്ള പദ്ധതികളും റിസര്‍വ് ബാങ്ക് ശക്തമാക്കുന്നു.
യെസ് ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാറും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. യെസ് ബാങ്കിനായുള്ള റിസര്‍വ് ബാങ്കിന്റെ ദ്രവ്യതയുടെ പിന്തുണയും ചര്‍ച്ച ചെയുകയാണെന്ന് അധികൃതര്‍ പറഞ്ഞു. വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെസ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെയും എസ്ബിഐയുടെയും പിന്തുണയുണ്ടെന്ന് റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ സ്ഥിരീകരിച്ചു. ദ്രവ്യതയെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യെസ് ബാങ്കില്‍ നിക്ഷേപം നടത്താന്‍ ബ്ലാക്ക്‌സ്റ്റോണ്‍, ബ്രൂക്ക്ഫീല്‍ഡ്, കാര്‍ലൈല്‍, ടിപിജി, കെകെആര്‍, ജെസി ഫ്‌ലവേഴ്‌സ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിവയുള്‍പ്പെടെ അര ഡസനിലധികം നിക്ഷേപകരുമായി എസ്ബിഐ ചര്‍ച്ച നടത്തി വരുകയായിരുന്നു. എസ്ബിഐയ്ക്കൊപ്പം കുറച്ച് ആഭ്യന്തര സ്ഥാപനങ്ങളും വ്യക്തികളും നിക്ഷേപകരായി വന്ന് പുതിയ ഇക്വിറ്റി ബാങ്കിലേക്ക് എത്തിക്കാനാണ് പദ്ധതി. ബാഹ്യ നിക്ഷേപകരെ 15,500 കോടി രൂപയില്‍ ഉള്‍പ്പെടുത്താന്‍ എസ്ബിഐ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരാഴ്ചത്തെ സമയപരിധി ചിലരെ പിന്തിരിപ്പിച്ചതായി അനുമാനിക്കുന്നുണ്ട്.
നിരവധി നിക്ഷേപകരില്‍ താല്‍പ്പര്യമുണ്ടെന്നും അടിസ്ഥാന വില 2,450 കോടി രൂപയാണെന്നും ബാങ്കിലെ നിക്ഷേപം അര്‍ത്ഥവത്താണെന്നും എസ്ബിഐ ചെയര്‍മാന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പദ്ധതി നിരവധി സാധ്യതയുള്ളതാണെന്നും ധാരാളം നിക്ഷേപകര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ടെന്നും കുമാര്‍ പറഞ്ഞു. എന്നാല്‍ യെസ് ബാങ്കിന്റെ അന്തിമ പുനസംഘടന പദ്ധതി അംഗീകാരത്തിനായി മന്ത്രിസഭയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച പൊതുസഞ്ചയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കരട് പദ്ധതിയെക്കുറിച്ചുള്ള പ്രതികരണം പരിഗണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അന്തിമരൂപം നല്‍കും.
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച കരട് പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യെസ് ബാങ്കിലെ 49 ശതമാനം ഓഹരി ഏറ്റെടുക്കും. പദ്ധതിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. സര്‍ക്കാരുമായി കൂടിയാലോചിച്ച് യെസ് ബാങ്കിനായി ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതിനാല്‍ പുനസംഘടന പദ്ധതി മന്ത്രിസഭയിലേക്ക് തീരുമാനത്തിനായി വിടും. യെസ് ബാങ്കിനായി ചീഫ് എക്‌സിക്യൂട്ടീവ്, മാനേജിംഗ് ഡയറക്ടര്‍, നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ധനകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും സംഭവവികാസങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം യെസ് ബാങ്ക് നിക്ഷേപകരുടെ ആശങ്ക ഒഴിവാക്കേണ്ടതാണെന്നും അവരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.