
ന്യൂഡല്‍ഹി: കോവിഡ്-19 കറന്‍സി വഴി പടരാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധയെ വിമുക്തമാക്കാന്‍ ഡിജിറ്റല്‍ പണമിടപാടിന് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടത് അനിവാര്യമാണെന്നാണ് റിസര്‍വ്വ് ബാങ്ക് അടക്കമുള്ളവര്‍ പറയുന്നത്. ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ഇതേ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഡിജിറ്റല്‍ പണമിടപാട് വഴി കുറക്കാനുള്ള സാധ്യതയുണ്ടെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ 'ശാക്തികാന്ത ദാസ്' നിരീക്ഷിച്ചു. എന്നാല്‍ കോവിഡ്-19 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്.
കോവിഡ്-19 നോട്ട് ഇടപാടിലൂടെ പടരാനുള്ള സാധ്യതയുള്ളതിനാല്‍ NEFT,IMPS,UPI, തുടങ്ങിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ പരമാവധി ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് ശക്തിപ്പെടുത്തുകയെന്നതാണ് ആര്‍ബിഐയുടെ മുഖ്യ ലക്ഷ്യം. എന്നാല്‍ ആഗോളതലത്തില്‍ കോവിഡ്-19 വഴി സാമ്പത്തിക ആഘാതം ഉണ്ടായ സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് വിവരം.