
ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത അക്കൗണ്ടുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകളായി പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചു. ഉത്തരവ് ബാങ്കിംഗ് മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാട്ടിയാണ് ഇത്.
കോവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം ബാങ്ക് വായ്പ തിരിച്ചടവില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഇടപാടുകാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു സുപ്രീം കോടതി ഉത്തരവ്. സെപ്തംബര്‍ മൂന്നിനാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മൊറട്ടോറിയം കാലയളവില്‍ ഇഎംഇകളിന്മേല്‍ കൂട്ടുപലിശ ഈടാക്കുന്നതിനെതിരെ നല്‍കിയ പരാതിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആര്‍ബിഐക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു.
നേരത്തെ, മൊറട്ടോറിയം കാലയളവില്‍ വായ്പക്കാരില്‍ നിന്ന് ഈടാക്കിയ കൂട്ടുപലിശയില്‍ നിന്ന് സാധാരണ പലിശ കിഴിച്ചുള്ള തുക നവംബര്‍ അഞ്ചിനകം അതാത് ധനകാര്യ സ്ഥാപനങ്ങള്‍ അര്‍ഹരായവരുടെ എക്കൗണ്ടുകളില്‍ നിക്ഷേപിക്കാമെന്ന് ആര്‍ബിഐയും കേന്ദ്ര ധനമന്ത്രാലയവും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്‍ജിയില്‍ നവംബര്‍ 18ന് സുപ്രീം കോടതി വാദം കേള്‍ക്കും.