ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്ക്; തീരുമാനം ഉടന്‍

February 06, 2021 |
|
News

                  ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്ക്; തീരുമാനം ഉടന്‍

മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്കിലെ ആഭ്യന്തര സമിതി പ്രവര്‍ത്തിക്കുന്നു. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ ബിപി കണുങ്കോ വ്യക്തമാക്കി. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബിറ്റ്‌കോയിന്‍ പോലുള്ള സ്വന്തം ഡിജിറ്റല്‍ കറന്‍സിക്കായി റിസര്‍വ് ബാങ്ക് ശ്രമം തുടങ്ങിയത്.

സമീപ വര്‍ഷങ്ങളില്‍ സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളും വെര്‍ച്വല്‍ കറന്‍സികളും ക്രിപ്‌റ്റോ കറന്‍സികളും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, ഇതിന്റെ റിസ്‌കില്‍ കേന്ദ്രസര്‍ക്കാര്‍ ഉറ്റുനോക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളേക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയുള്ള ഡിജിറ്റല്‍ കറന്‍സി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ഒരു ഡിജിറ്റല്‍ കറന്‍സിയുടെ ആവശ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ അതെങ്ങിനെ പ്രാവര്‍ത്തികമാക്കാമെന്നും ആലോചിക്കുന്നുണ്ടെന്നുമായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.



Related Articles

© 2025 Financial Views. All Rights Reserved