
മുംബൈ: ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച റിസര്‍വ്വ് ബാങ്കിന്റെ ആശയങ്ങളും, അഭിപ്രായങ്ങളും ക്രിപ്‌റ്റോ ആസ്തികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയമനിര്‍മ്മാണം വൈകിപ്പിച്ചേക്കാമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പത്ര പറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
ഈ വിഷയത്തില്‍ സാവധാനമേ മുമ്പോട്ടു പോകാന്‍ സാധിക്കൂ, കാരണം സ്വകാര്യത, പണനയം, ഊര്‍ജ്ജ ഉപഭോഗം എന്നിവ സംബന്ധിച്ച് ആശങ്കകളുണ്ട്. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ബില്‍ 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അത് സാധ്യമായില്ല.
ക്രിപ്‌റ്റോയില്‍ ആര്‍ബിഐയുടെ വീക്ഷണം വ്യക്തമാണ്. ഇത്, ഒരു പരിധി വരെ, ബില്ല് വൈകിപ്പിക്കാന്‍ കാരണമായി. ഞങ്ങള്‍ ഈ വിഷയത്തില്‍ ഒരു സംവാദം നടത്തുകയും, അതിന്റെ എല്ലാ വശങ്ങളും നോക്കുകയും ചെയ്യുമെന്നും പൂനെ ഇന്റര്‍നാഷണല്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ മൈക്കിള്‍ പത്ര പറഞ്ഞു.
ഊഹക്കച്ചവട ആസ്തികളുടെ പൂര്‍ണ്ണമായ നിരോധനത്തിന് കേന്ദ്ര ബാങ്ക് അനുകൂലമാണ്. അവയ്ക്ക് അടിസ്ഥാന മൂല്യമൊന്നുമില്ല. കൂടാതെ, സാമ്പത്തിക സ്ഥിരതയ്ക്ക് ഇത് ഭീഷണിയാണ്. ഈ വിഷയത്തില്‍ നാം വളരെ സാവധാനത്തില്‍ മുന്നോട്ട് പോകുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സ്വകാര്യത സംബന്ധിച്ചും, ഊര്‍ജ്ജ ഉപഭോഗം സംബന്ധിച്ചും, പണനയ കൈമാറ്റം സംബന്ധിച്ചും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിയില്‍ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവു സൂചിപ്പിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സി വേഗത്തില്‍ ട്രാക്ക് ചെയ്യപ്പെടും. കര്‍ശനമായ ഡാറ്റ സംരക്ഷണ നിയമങ്ങള്‍ ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം.