
ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ റാണ കപൂറിന്റെ ഭാര്യ ബിന്ദു റാണ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബ്ലിസ് അബോഡ് പ്രൈവറ്റ് ലിമിറ്റഡ്, വ്യവസായി ഗൗതം ഥാപ്പറിന്റെ അവന്ത റിയല്‍റ്റി ലിമിറ്റഡിന്റെ കൈവശമുള്ള വീട് വാങ്ങി. അവന്ത സ്വത്ത് യെസ് ബാങ്കില്‍ പണയംവച്ചിരുന്നു. 2017 സെപ്റ്റംബര്‍ 15 നാണ് ഈ ഇടപാട് നടന്നത്. നിലവില്‍ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
കമ്പനികളുടെ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച രേഖകള്‍ കാണിക്കുന്നത് 2017 സെപ്റ്റംബര്‍ 20 ന് 374 കോടി രൂപയും പലിശയും കമ്പനി യെസ് ബാങ്കിന് നല്‍കിയതിനെത്തുടര്‍ന്ന് അവന്തയ്ക്ക് ഔദ്യോഗികമായി സ്വത്ത് നല്‍കിയിരുന്നു. കപൂറിന്റെ സ്ഥാപനവും ഥാപ്പറും തമ്മില്‍ വില്‍പ്പന കരാര്‍ ഒപ്പിട്ട അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ഇത്. മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളായ അവന്ത ഹോള്‍ഡിംഗ്‌സ്, സോളാരിസ് ചെംടെക് എന്നിവയും അതേ സ്വത്തില്‍ യെസ് ബാങ്കില്‍ നിന്ന് വായ്പ നേടിയിരുന്നു എന്നതാണ് ശ്രദ്ധേയമാണ്.
2016 ഓഗസ്റ്റില്‍ അവന്ത, യെസ് ബാങ്കില്‍ നിന്ന് 400 കോടി രൂപ വായ്പ നേടിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 810 കോടി രൂപയുടെ വായ്പാ സൗകര്യം ഗ്രൂപ്പ് സ്ഥാപനങ്ങളായ അവന്ത ഹോള്‍ഡിംഗ്‌സ്, സോളാരിസ് കെമിക്കല്‍ എന്നിവയ്ക്ക് നല്‍കി. എന്നാല്‍ ഈ 810 കോടി രൂപയുടെ വായ്പ തിരിച്ചടച്ചോ ഇല്ലയോ എന്ന് രേഖകളില്‍ വ്യക്തമല്ല. 378 കോടി രൂപയ്ക്കാണ് ബിന്ദു കപൂറിന്റെ ബ്ലിസ് അബോഡ് വീട് വാങ്ങിയത്. വിപണി വിലയേക്കാള്‍ വളരെ താഴെയാണ് ഇത്. അതേ സ്വത്തിന്മേലാണ് യെസ് ബാങ്ക് ഥാപ്പറിന്റെ കമ്പനിക്ക് 1,200 കോടി രൂപ വായ്പ നല്‍കിയത്.
രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് സിബിഐ വെള്ളിയാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ രണ്ട് ഓഫീസുകളും റെയ്ഡ് ചെയ്തു. സംശയമുള്ളതായി തോന്നുന്ന ഇടപാട് ഇത് മാത്രമല്ല. 4,300 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് റാണ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 78 ഷെല്‍ കമ്പനികള്‍ വഴി പണം കവര്‍ന്നതായി ഇഡി അവകാശപ്പെടുന്നു. റാണയുടെ മൂന്ന് പെണ്‍മക്കളുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിന് ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ (ഡിഎച്ച്എഫ്എല്‍) നിന്ന് 600 കോടി രൂപ വായ്പ ലഭിച്ചതായും ഏജന്‍സി പറയുന്നു. അതേസമയം ദിവാന്‍ ഹൗസിംഗിന് യെസ് ബാങ്ക് വായ്പ നല്‍കിയിരുന്നു. അത് ഒടുവില്‍ മോശം കടമായി മാറുകയും ചെയ്തിരുന്നു.
തന്റെ പെണ്‍മക്കള്‍ നിയന്ത്രിക്കുന്ന സ്ഥാപനത്തിന് വായ്പ അനുവദിച്ചത് യെസ് ബാങ്ക് അനുവദിച്ച വായ്പകള്‍ക്കുള്ള പ്രത്യുപകാരമാണെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ സംശയിക്കുന്നു. എല്ലാ ഇടപാടുകളും ശുദ്ധവും ബോര്‍ഡിന്റെ നിയന്ത്രണത്തിലുമാണെന്ന് കപൂര്‍ എല്ലാ ആരോപണങ്ങളെയും നിഷേധിച്ചുകൊണ്ട് പറഞ്ഞു. സിബിഐ എഫ്ഐആറില്‍ പേരുള്ള ചിലത് ഉള്‍പ്പെടെ 42 സ്ഥാപനങ്ങളില്‍ ഡയറക്ടറായിരുന്നു ബിന്ദു റാണ കപൂര്‍. അവരുടെ മൂന്ന് പെണ്‍മക്കളായ രാഖി, റോഷ്‌നി, രാധ കപൂര്‍ എന്നിവരുടെ കൈവശമുള്ള മറ്റ് സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍, യോഗ്യതയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കല്‍ എന്നിവയ്ക്കായി അന്വേഷണം നേരിടുന്നുണ്ടെന്ന് അന്വേഷണ അധികൃതര്‍ പറഞ്ഞു.