
കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനിടയിലും ദുരിതമനുഭവിക്കുന്ന അമേരിക്കക്കാര്‍ക്ക് അടിയന്തിര ആശ്വാസത്തിന് വേണ്ടിയുള്ള കരാര്‍ ഒപ്പിടാന്‍ തനിക്ക് ധൃതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൊറോണ വൈറസ് മൂലം രാജ്യവ്യാപകമായി കടകളും ഫാക്ടറികളും അടച്ചതിനാല്‍, കഴിഞ്ഞ ദശകത്തില്‍ യുഎസ് സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട മിക്കവാറും എല്ലാ ജോലികളും ഒരൊറ്റ മാസത്തിനുള്ളില്‍ ഇല്ലാതായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയില്‍ ഏപ്രിലില്‍ മാത്രം അഭൂതപൂര്‍വമായ ഇടിവാണുണ്ടായിരിക്കുന്നത്. 20.5 ദശലക്ഷം തൊഴിലുകളാണ് നശിപ്പിക്കപ്പെട്ടത്. ഇത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തുകയാണെന്ന് തൊഴില്‍ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള ധനസഹായം, ശമ്പളപരിപാലന പരിരക്ഷ, വാടക അല്ലെങ്കില്‍ പണയ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഒരു ട്രില്യണ്‍ ഡോളറിലധികം വരുന്ന സാമ്പത്തിക രക്ഷാപാക്കേജ് തങ്ങള്‍ തയ്യാറാക്കുന്നതായി ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ പറഞ്ഞു.
അടുത്തയാഴ്ച ജനപ്രതിനിധിസഭ പതിവ് പോലെ കൂടുകയാണെങ്കില്‍ ''ബോള്‍ഡ് കെയര്‍സ് 2 പാക്കേജിന്'' ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് പെലോസി സൂചിപ്പിച്ചു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് അടിയന്തിര സാഹചര്യത്തെ ഒഴിവാക്കുന്നതായി കാണപ്പെടുന്നുണ്ട്. റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കളുമായി നടന്ന ഒരു മീറ്റിംഗില്‍ ഞങ്ങള്‍ക്ക് ധൃതിയില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുറത്തുവിട്ട 14.7 ശതമാനം തൊഴിലില്ലായ്മ കണക്കനുസരിച്ച് ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നതിനെക്കുറിച്ചും നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും പ്രതികരിക്കവെയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവനയിറക്കിയത്.
കരട് ബില്ലില്‍ എന്താണ് നിര്‍ദ്ദേശിക്കുന്നതെന്ന് കാണണമെന്ന് ട്രംപ് പറഞ്ഞു. അതേസമയം മുന്‍ സാമ്പത്തികാശ്വാസ പാക്കേജുകളില്‍ ആവശ്യമായത് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ 2.2 ട്രില്യണ്‍ ഡോളറിന്റെ രക്ഷാപ്രവര്‍ത്തനം നടത്തി. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ചെക്ക് വിതരണം ആരംഭിച്ചു. ചെറുകിട വ്യവസായങ്ങളെ രക്ഷിക്കുന്നതിനായി 349 ബില്യണ്‍ ഡോളര്‍ വായ്പാ പദ്ധതിയിലേക്ക് നീക്കിയിരുപ്പ് നടത്തുകയും 150 ബില്യണ്‍ ഡോളര്‍ സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള 483 ബില്യണ്‍ ഡോളര്‍ പദ്ധതി ഏപ്രില്‍ അവസാനത്തോടെ നടപ്പിലായി.
നിലവില്‍, വൈറ്റ് ഹൗസ് ഏറ്റവും പുതിയ സാമ്പത്തിക പാക്കേജ് എങ്ങനെ സഹായിക്കുന്നുവെന്ന് കാണുന്നതിന് പുതിയ ആശ്വാസം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് വാദിക്കുന്നു. ഞങ്ങള്‍ പാക്കേജുകളില്‍ തുടര്‍ച്ചയായി പണം നിക്ഷേപിക്കുകയാണ്. രാജ്യത്തിന് അനുയോജ്യമായത് ഞങ്ങള്‍ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കന്‍ തൊഴിലാളികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ധീരമായ ഒരു സമീപനം ആവശ്യമാണെന്ന് മുന്‍ സെനറ്റ് ഡെമോക്രാറ്റ് ചക് ഷുമര്‍ പ്രസ്താവനയില്‍ പറഞ്ഞു. മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയായ ഇന്നത്തെ തൊഴില്‍ റിപ്പോര്‍ട്ട് കാണാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ നിലവില്‍ ലഭിച്ചിട്ടുള്ള സഹായങ്ങള്‍ ഒന്നിനും പര്യാപ്തമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.