നൂറ് കോടി ക്ലബ്ബൊക്കെ പഴങ്കഥ! ബോക്‌സോഫീസ് 'കുലുക്കി' പതിനായിരം കോടികള്‍ വാരിയ റെക്കോര്‍ഡ് കലക്ഷന്‍ സിനിമകളും ഇവിടുണ്ടേ; അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വിജയക്കൊടി പാറിച്ചത് 19,235 കോടി വാരിയാണെന്നതും കേട്ടോളൂ

July 23, 2019 |
|
News

                  നൂറ് കോടി ക്ലബ്ബൊക്കെ പഴങ്കഥ! ബോക്‌സോഫീസ് 'കുലുക്കി' പതിനായിരം കോടികള്‍ വാരിയ റെക്കോര്‍ഡ് കലക്ഷന്‍ സിനിമകളും ഇവിടുണ്ടേ; അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വിജയക്കൊടി പാറിച്ചത് 19,235 കോടി വാരിയാണെന്നതും കേട്ടോളൂ

ബോക്‌സോഫീസ് കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നതാണ് നൂറ് കോടി ക്ലബ്ബുകള്‍ എന്ന് മലയാളി പ്രേക്ഷകര്‍ കരുതിയാല്‍ അത് തെറ്റാണെന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം പതിനായിരം കോടി ക്ലബുകളില്‍ ഇടം നേടി റെക്കോര്‍ഡ് ഭേദിച്ച ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളാണ് ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈലില്‍ തിളങ്ങുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ മാത്രം കുത്തകയായ നൂറ് കോടി ക്ലബുകള്‍ ഇങ്ങ് മലയാളത്തിലും തമിഴിലും തെലുങ്കിലും അരങ്ങ് വാഴുമ്പോള്‍ സിനിമകളുടെ തമ്പുരാക്കന്മാരായ ഹോളിവുഡ് പുറത്ത് വിടുന്നത് ദൃശ്യവിസ്മയം കൊണ്ടും കലക്ഷന്‍ കൊണ്ടും ലോകത്തെ അമ്പരിപ്പിച്ച സിനിമകളുടെ റിപ്പോര്‍ട്ടാണ്. 

തെലുങ്കില്‍ ഒറിജിനല്‍ ഇറങ്ങിയ എസ് എസ് രാജമൗലിയുടെ 'ബാഹുബലി 2' ആണ് എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ്. 1,810 കോടി രൂപയാണ് ബാഹുബലി 2ന്റെ ലൈഫ് ടൈം ബോക്സ്ഓഫീസ് കളക്ഷന്‍. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ഒന്നുമല്ല. കഴിഞ്ഞ ദിവസം 'അവതാറി'ന്റെ റെക്കോര്‍ഡ് മറികടന്ന് ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയമായ 'അവഞ്ചേഴ്സ്: എന്‍ഡ് ഗെയി'മിന്റെ കളക്ഷന്‍ 'ബാഹുബലി 2' നേടിയതിന്റെ പത്തിരട്ടി വരും. കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പതിനായിരം കോടി ക്ലബില്‍ ഇടം നേടിയ ചിത്രങ്ങളെ അടുത്തറഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടുമെന്നുറപ്പ്. 

1. അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം (2019) 2.790 ബില്യണ്‍ ഡോളര്‍ (19,235 കോടി ഇന്ത്യന്‍ രൂപ). 2. അവതാര്‍ (2009) 2.789 ബില്യണ്‍ ഡോളര്‍ (19,228 കോടി ഇന്ത്യന്‍ രൂപ). 3. ടൈറ്റാനിക്ക് (1997) 2.187 ബില്യണ്‍ ഡോളര്‍ (15,078 കോടി ഇന്ത്യന്‍ രൂപ). 4. സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്സ് അവേക്കന്‍സ് (2015) 2.068 ബില്യണ്‍ ഡോളര്‍ (14,257 കോടി ഇന്ത്യന്‍ രൂപ). 5. അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍ (2018) 2.048 ബില്യണ്‍ ഡോളര്‍ (14,119 കോടി ഇന്ത്യന്‍ രൂപ). 6. ജുറാസിക് വേള്‍ഡ് (2015) 1.671 ബില്യണ്‍ ഡോളര്‍ (11,520 കോടി ഇന്ത്യന്‍ രൂപ). 7. മാര്‍വെല്‍സ് ദി അവഞ്ചേഴ്സ് (2012) 1.518 ബില്യണ്‍ ഡോളര്‍ (10,465 കോടി ഇന്ത്യന്‍ രൂപ). 8. ഫ്യൂരിയസ് 7 (2015) 1.516 ബില്യണ്‍ ഡോളര്‍ (10,452 കോടി ഇന്ത്യന്‍ രൂപ). 9. അവഞ്ചേഴ്സ്: ഏജ് ഓഫ് അല്‍ട്രോണ്‍ (2015) 1.405 ബില്യണ്‍ ഡോളര്‍ (9686 കോടി ഇന്ത്യന്‍ രൂപ). 10. ബ്ലാക്ക് പാന്തര്‍ (2018) 1.346 ബില്യണ്‍ ഡോളര്‍ (9279 കോടി ഇന്ത്യന്‍ രൂപ)

ലോക സിനിമ റെക്കോര്‍ഡുകളെ തകര്‍ക്കാനുള്ള പടയോട്ടത്തിലാണ് വാള്‍ട്ട് ഡിസ്നി കമ്പനി ഇറക്കിയ ഫോട്ടോ റിയലിസ്റ്റിക്ക് ചിത്രമായ ദി ലയണ്‍ കിങ്. വടക്കേ അമേരിക്കയില്‍ മാത്രം 185 ദശലക്ഷം ഡോളറിനടുത്ത് ചിത്രം ഇതിനോടകം വാരിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 1275 കോടി ഇന്ത്യന്‍ രൂപ വരും. മാത്രമല്ല ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും 3 ദിനം കൊണ്ട് 50 കോടിയ്ക്ക്  മുകളിലാണ് ചിത്രം വാരിയത്. ബോക്‌സോഫീസ് ഇന്ത്യ ഡോട്ട് കോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച ബോക്‌സോഫീസില്‍ ചിത്രം 24 കോടി രൂപ നേടി.

ബോക്സോഫീസില്‍ ആദ്യ വാരാന്ത്യത്തില്‍ 54 കോടി രൂപ സമാഹരിക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ഹോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ജംഗിള്‍ ബുക്കും അവഞ്ചേഴ്‌സ് സിരീസും അടക്കം കളക്ഷനില്‍ അത് മുന്‍പ് തെളിയിച്ചതാണ്. 'ലയണ്‍ കിംഗും' അതിന് തുടര്‍ച്ചയാവുകയാണ്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നുമായി ആദ്യദിനം 13.17 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്. നിര്‍മ്മാതാക്കളായ ഡിസ്‌നി ചിത്രത്തിന്റെ ബജറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഉദ്ദേശം 250 മില്യണ്‍ ഡോളറാണ് (1721 കോടി ഇന്ത്യന്‍ രൂപ) അതെന്നാണ് അറിയുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved