
ന്യൂഡല്‍ഹി: ജനുവരി - മാര്‍ച്ച് കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 1.6 ശതമാനം വളര്‍ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം. ഇതേസമയം, കോവിഡ് വ്യാപനവും ലോക്ക്ഡൗണും പിടിമുറുക്കിയ 2020-21 സാമ്പത്തിക വര്‍ഷത്തെ പൂര്‍ണ ചിത്രം വിലയിരുത്തുമ്പോള്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 7.3 ശതമാനം താഴോട്ടുപോയി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനക്കമ്മി 18.21 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. ജിഡിപിയുടെ 9.3 ശതമാനം വരുമിത്.
ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനം ധനക്കമ്മി ധനമന്ത്രാലയം പ്രവചിച്ചിരുന്നു. സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ടിലാണ് ധനക്കമ്മി പ്രവചിച്ചതിലും താഴെയാണെന്ന് സിജിഎ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ്) അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 24.4 ശതമാനം തകര്‍ച്ചയാണ് സമ്പദ്ഘടന നേരിട്ടത്. കോവിഡിനെത്തുടര്‍ന്ന് രാജ്യം ഒന്നടങ്കം അടച്ചിട്ടത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമായി. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തിലും 7.5 ശതമാനം ജിഡിപി തകര്‍ച്ചയായിരുന്നു രാജ്യം അഭിമുഖീകരിച്ചത്.
എന്നാല്‍ ഡിസംബര്‍ പാദത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതും വ്യവസായ രംഗം ഉണര്‍ന്നതും മാന്ദ്യഭീഷണിയില്‍ നിന്നും ഇന്ത്യയെ കരകയറ്റി. ഒക്ടോബര്‍ - ഡിസംബര്‍ പാദത്തില്‍ 0.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം കയ്യടക്കിയത്. ഏറ്റവുമൊടുവില്‍ ജനുവരി - മാര്‍ച്ച് കാലത്തും ജിഡിപി വളര്‍ച്ച (1.6 ശതമാനം) കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നാലാം പാദത്തില്‍ 2 ശതമാനം വളര്‍ച്ചയായിരുന്നു ഇന്ത്യയുടെ ജിഡിപിയുടെ കാര്യത്തില്‍ ഐസിആര്‍എ പ്രവചിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രത്തില്‍ 7.3 ശതമാനം ജിഡിപി തകര്‍ച്ചയും ഐസിആര്‍എ കണക്കുകൂട്ടിയിരുന്നു.
നാലാം പാദത്തിലെ ജിവിഎ (ഗ്രോസ് വാല്യൂ ആഡഡ്) നിരക്ക് 3.7 ശതമാനമാണ് വളര്‍ന്നത്. രാജ്യത്ത് മൊത്തം ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണിത്. ഇതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രത്തില്‍ ജിവിഎ നിരക്ക് 6.2 ശതമാനം താഴോട്ടുപോയി. നാലാം പാദത്തില്‍ സ്വകാര്യ ഉപഭോഗം 2.7 ശതമാനമായി കൂടി. ഡിസംബര്‍ പാദത്തില്‍ 2.3 ശതമാനമായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പൂര്‍ണ ചിത്രം വിലയിരുത്തിയാല്‍ സ്വകാര്യ ഉപഭോഗം 9.1 ശതമാനത്തിലെത്തി.
നാലാം പാദത്തില്‍ രാജ്യത്തെ ആകെ നിക്ഷേപം 10.6 ശതമാനം വളര്‍ന്നു. ഡിസംബര്‍ പാദത്തിലും 2.5 ശതമാനം വളര്‍ച്ച കണ്ടിരുന്നു. ഇതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പൂര്‍ണ ചിത്രം വിലയിരുത്തിയാല്‍ 10.8 ശതമാനം തകര്‍ച്ചയാണ് നിക്ഷേപങ്ങളില്‍ ഇന്ത്യ നേരിട്ടത്. നാലാം പാദത്തില്‍ സര്‍ക്കാരിന്റെ അന്തിമ ഉപഭോഗ ചെലവുകള്‍ 28.3 ശതമാനമാണ് കൂടിയത്. മൂന്നാം പാദത്തില്‍ 1.1 ശതമാനം തകര്‍ച്ച ഇവിടെ കണ്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പൂര്‍ണ ചിത്രത്തില്‍ സര്‍ക്കാരിന്റെ അന്തിമ ഉപഭോഗ ചെലവ് 2.9 ശതമാനം വര്‍ധിച്ചു.
നാലാം പാദത്തില്‍ കാര്‍ഷിക മേഖല 3.1 ശതമാനം വളര്‍ന്നു. മൂന്നാം പാദത്തില്‍ 4.5 ശതമാനം വളര്‍ച്ച കാര്‍ഷിക മേഖലയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പൂര്‍ണ ചിത്രത്തില്‍ കാര്‍ഷിക മേഖല 3.6 ശതമാനം മുന്നേറി. നാലാം പാദത്തില്‍ ഖനന മേഖല 5.7 ശതമാനം ഇടിഞ്ഞു. നാലാം പാദത്തിലും 4.4 ശതമാനം തകര്‍ച്ച ഖനന മേഖലയ്ക്ക് സംഭവിച്ചിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 8.5 ശതമാനം തകര്‍ച്ച ഖനന വ്യവസായം കണ്ടു.
നാലാം പാദത്തില്‍ ഉത്പാദന മേഖല 6.9 ശതമാനം വളര്‍ന്നു. മൂന്നാം പാദത്തില്‍ 1.7 ശതമാനമായിരുന്നു വളര്‍ച്ച. വാര്‍ഷികാടിസ്ഥാനത്തില്‍ 7.2 ശതമാനം തകര്‍ച്ചയ്ക്ക് ഉത്പാദന മേഖല സാക്ഷിയായി. നാലാം പാദത്തില്‍ നിര്‍മാണ മേഖല 14.5 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ 6.5 ശതമാനമായിരുന്നു വളര്‍ച്ച. ഇതേസമയം, വാര്‍ഷികാടിസ്ഥാനത്തില്‍ 8.6 ശതമാനം തകര്‍ച്ച നിര്‍മാണ മേഖലയില്‍ സംഭവിച്ചു.
നാലാം പാദത്തില്‍ ഗതാഗതം, ഹോട്ടല്‍, ആശയവിനിമയം, വ്യാപാരം എന്നീ മേഖലകള്‍ സംയുക്തമായി 2.3 ശതമാനം തകര്‍ച്ചയാണ് നേരിട്ടത്. മൂന്നാം പാദത്തില്‍ ഈ മേഖലകളുടെ തകര്‍ച്ച 7.9 ശതമാനമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 18.2 ശതമാനം തകര്‍ച്ച ഇവിടെ കാണാം. നാലാം പാദത്തില്‍ സാമ്പത്തിക മേഖല 5.4 ശതമാനം വളര്‍ന്നു. മൂന്നാം പാദത്തില്‍ 6.7 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാമ്പത്തിക മേഖലയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.5 ശതമാനം തകര്‍ച്ച സാമ്പത്തിക മേഖലയിലും ദൃശ്യമാണ്.