
ന്യൂഡല്‍ഹി: ആഗോള ഭീമന്മാരായ കൊക്കോകോള, പെപ്‌സികോ എന്നിവയെ കടത്തിവെട്ടി പ്രാദേശിക പാനീയ ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുന്നു. പഠന ഗവേഷണകേന്ദ്രമായ നീല്‍സണ്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം 2019 ല്‍ ബൊവോന്റൊ, ജയന്തി കോള, സോസ്യോ, റണ്ണര്‍, കശ്മീര എന്നീ പ്രാദേശിക ബ്രാന്റുകളുടെ പാനീയങ്ങള്‍ കൊക്കോകോള, പെപ്‌സികോ പാനീയങ്ങളേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ വളരുന്നതായി സൂചിപ്പിക്കുന്നു.
വിവരങ്ങള്‍ പ്രകാരം, നൂറുകണക്കിന് പ്രാദേശിക ബ്രാന്‍ഡുകള്‍ കൂടി ചേര്‍ന്ന് അവരുടെ ഓഹരി മൂല്യം 20,000 കോടി രൂപയിലധികമായി ഉയര്‍ത്തി. മദ്യം ഒഴികെയുള്ള റെഡി-ടു-ഡ്രിങ്ക് റീട്ടെയില്‍ പാനീയങ്ങളുടെ വിപണിയിലെ മൂല്യ വിഹിതം കഴിഞ്ഞ വര്‍ഷം 24 ശതമാനമായി ഉയര്‍ത്തി. ഇത് മൊത്തം വ്യവസായത്തിന്റെ പകുതിയോളം വരുമെന്ന് കണക്കാക്കുന്നു. മാത്രമല്ല, ഇത് വിപണിയിലെ മുന്‍നിരക്കാരായ കൊക്കക്കോളയുടെ 49.9 ശതമാനം ഓഹരിയേക്കാളും പെപ്സികോയുടെ 19.6 ശതമാനത്തേക്കാളും മുന്നിലാണ്.
കൊക്കക്കോളയും പെപ്‌സികോയും ഇപ്പോഴും കടന്നുവന്നിട്ടില്ലാത്ത പ്രാദേശികമായ രുചികളുടെ വൈവിധ്യങ്ങളിലാണ് ചെറുകിട പാനീയങ്ങള്‍ കുത്തകകമ്പനികളോട് കിടപിടിക്കുന്നത്. മാത്രമല്ല, നേരിട്ടുള്ള വില്‍പ്പനയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ചില ബ്രാന്റുകള്‍ക്കുള്ള വിലക്കുറവ്, മാര്‍ക്കറ്റിംഗിനും മറ്റുമായുള്ള കുറഞ്ഞ ചെലവുകള്‍ തുടങ്ങിയ പല കാരണങ്ങളും പ്രാദേശിക ബ്രാന്റുകളുടെ വളര്‍ച്ചയെ സഹായിക്കുന്നതാണ്. ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യാപകമായിരുന്നിട്ടും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഞങ്ങള്‍ വളരെയധികം വളര്‍ന്നു എന്ന് ബോവന്റോ ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള കലിമാര്‍ക്ക് ഗ്രൂപ്പിലെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജെ രമേശ് പറഞ്ഞു.
സാമ്പത്തിക കാര്യത്തില്‍ ഞങ്ങള്‍ക്ക് ബഹുരാഷ്ട്ര കമ്പനികളുടെയത്രയും ബലമില്ലെങ്കിലും, പ്രാദേശിക ബ്രാന്‍ഡുകളുടെ വളര്‍ച്ച വലിയ സാധ്യതയെ സൂചിപ്പിക്കുന്നു. നിലവില്‍ തമിഴ്നാട്ടില്‍ മാത്രം ലഭ്യമായ ബോവന്റോ ബ്രാന്‍ഡ് ദക്ഷിണേന്ത്യയിലെ മറ്റ് വിപണികളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് രമേശ് പറഞ്ഞു. അതേസമയം വിപുലീകരണത്തിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കൊക്കക്കോളയുടെ ഇന്ത്യന്‍ വക്താവ് പറഞ്ഞു. രാജ്യത്തുടനീളം വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, പ്രാദേശിക, ഹൈപ്പര്‍ലോക്കല്‍ അഭിരുചികള്‍ സാക്ഷാത്കരിക്കുന്നതുള്‍പ്പെട ഉപഭോക്തൃ കേന്ദ്രീകൃതമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും ജീര ഡ്രിങ്ക് റിംസിം, മിനുട്ട് മെയിഡ് കളേഴ്‌സ് തുടങ്ങിയവ ഉദാഹരിച്ച് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മികച്ച രണ്ട് എയറേറ്റഡ് ഡ്രിങ്കുകളുടെ നിര്‍മ്മാതാവായ തംസ് അപ്പ്, സ്‌പ്രൈറ്റ് എന്നിവയ്ക്കും അതിന്റെ ഏറ്റവും അടുത്ത എതിരാളി പെപ്‌സികോയ്ക്കും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രാദേശിക ബ്രാന്‍ഡുകള്‍ കണ്ടെത്തുന്നതിനും പുതിയ വിപണികളിലേക്കും സെഗ്മെന്റുകളിലേക്കും സ്വന്തമായി വ്യാപിപ്പിക്കുന്നതിനും പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. കമ്പനിയുടെ പാനീയങ്ങളുടെ വില്‍പ്പനയും വളര്‍ച്ചയും നീല്‍സണ്‍ പുറത്തുവിട്ട സംഖ്യയേക്കാള്‍ മുന്നിലാണ് എന്ന് പെപ്സികോയുടെ ഇന്ത്യന്‍ വക്താവ് അവകാശപ്പെട്ടു. എല്ലാ ബ്രാന്‍ഡുകളും വളരെ മികച്ച മുന്നേറ്റം കാണിക്കുകയും ഉപഭോക്തൃ താത്പര്യം നേടുകയും ചെയ്തതിലൂടെ ഞങ്ങളുടെ ബിസിനസ്സില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.
ലഭ്യമായ ഡാറ്റ അനുസരിച്ച്, പാക്കേജുചെയ്ത കാര്‍ബണേറ്റഡ് പാനീയങ്ങള്‍, വെള്ളം, ഫ്‌ളേവേര്‍ഡ് ജലം, സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, ജ്യൂസ് പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന, മദ്യം ഒഴികെയുള്ള റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളില്‍ കൊക്കകോളയുടെ പങ്ക് 2019 ല്‍ 0.5% വര്‍ദ്ധിച്ചു. എന്നാല്‍ പെപ്സികോയുടെ ഇന്ത്യന്‍ ഓഹരി 2.2 ശതമാനം ഇടിഞ്ഞു. ഒപ്പം പ്രാദേശിക ബ്രാന്‍ഡുകള്‍ ഒരുമിച്ച് 1.2 ശതമാനം വളര്‍ച്ച നേടി.
മൊത്തത്തിലുള്ള പാനീയങ്ങളില്‍, എയറേറ്റഡ് ശീതളപാനീയങ്ങള്‍ അതിവേഗം വളരുകയാണ്, ഇതിന് ജ്യൂസുകളുടെ മൂന്നിലൊന്ന് വില മാത്രമാണുള്ളത്. ഏതെങ്കിലും ബ്രാന്‍ഡഡ് ജ്യൂസിന്റെ ഒരു ലിറ്റര്‍ പായ്ക്കിന് 90 രൂപയും കാര്‍ബണേറ്റഡ് പാനീയത്തിന്റെ രണ്ട് ലിറ്റര്‍ പായ്ക്കിന് 70 രൂപയുമാണ് വില. 2019 ലെ ചില്ലറ വില്‍പ്പന, റെസ്റ്റോറന്റുകള്‍, യാത്ര- കോളേജ് കഫറ്റീരിയകള്‍ എന്നിവയുള്‍പ്പെടെ പ്രധാന മാര്‍ഗങ്ങളിലൂടെയുള്ള കൊക്കക്കോള കമ്പനിയുടെ ഓഹരി നേട്ടം സുപ്രധാനമാണ് - കമ്പനി വക്താവ് പറയുന്നു.