
ന്യൂഡല്‍ഹി: 2020 ആഗസ്റ്റ് 12 വരെ എല്ലാ സാധാരണ മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകളും സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമേ നിലവില്‍ സര്‍വ്വീസ് നടത്തുകയുള്ളൂ. നേരത്തെ, സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 30 വരെ റദ്ദാക്കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെയുള്ള യാത്രാ തീയതിക്കായി സാധാരണ ട്രെയിനുകള്‍ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കപ്പെടും.
ഈ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കുമെന്ന് റെയില്‍വേ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 25 നാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാധാരണ റെയില്‍വേ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പരിഗണിച്ചാണ് റദ്ദാക്കല്‍ തീയതി നീട്ടിയിരിക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകള്‍, അതായത്, മെയ് 12 ന് ആരംഭിച്ച രാജധാനി റൂട്ടുകളിലെ 12 ജോഡി ട്രെയിനുകളും ജൂണ്‍ 1 മുതല്‍ ആരംഭിച്ച 100 ജോഡി ട്രെയിനുകളും സര്‍വീസ് തുടരും.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവശ്യ സേവന ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച മുംബൈയിലെ പ്രത്യേക സബര്‍ബന്‍ സേവനങ്ങളും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക്‌ഡൌണിന് മുമ്പ് റെയില്‍വേ പ്രതിദിനം 12,000 ട്രെയിനുകള്‍ ഓടിച്ച് 2 കോടി ആളുകള്‍ക്ക് സേവനം വാഗ്ദാനം ചെയ്തിരുന്നു.