
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വ്യാഴാഴ്ച്ച റിലയന്‍സിന്റെ 44 -മത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ അറിയാനാണ് നിക്ഷേപകര്‍ ഉറ്റുനോക്കിയത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ റിലയന്‍സിന്റെ ഓഹരി വില 1.41 ശതമാനം ഇടിഞ്ഞ് 2,174.95 രൂപയില്‍ എത്തി. ഒടുവില്‍ 2.61 ശതമാനം നഷ്ടത്തില്‍ 2,147.80 രൂപ എന്ന നിരക്കിലാണ് റിലയന്‍സ് ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചതും.
5ജി സേവനങ്ങള്‍ എന്നാരംഭിക്കും, കുറഞ്ഞ ചിലവില്‍ 5ജി പിന്തുണയുള്ള മൊബൈലുകളുടെ ഉത്പാദനം, പുതുതലമുറ ബിസിനസുകളിലേക്കുള്ള ചുവടുമാറ്റം, ഓയില്‍-ടു-കെമിക്കല്‍ ബിസിനസിലെ സംഭവവികാസങ്ങള്‍, റീടെയില്‍ ബിസിനസ് ചിത്രം എന്നിവയില്‍ നിക്ഷേപകര്‍ പുലര്‍ത്തിയ അമിതപ്രതീക്ഷകളാണ് ഇവിടെ വിനയായത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ പോലും, റിലയന്‍സിന്റെ പ്രകടനം മികച്ചതായി തുടര്‍ന്നു. ഏകീകൃത വരുമാനം 5.4 ട്രില്യണ്‍ രൂപയായിരുന്നു, ഏകീകൃത ഇബിഐടിഡിഎ 98,000 കോടി രൂപയായിരുന്നു, ഇബിഐടിഡിഎയുടെ 50% ഉപഭോക്തൃ ബിസിനസുകളാണ് സംഭാവന ചെയ്തതെന്നും അംബാനി ഓഹരി ഉടമകളെ അറിയിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആര്‍ഐഎല്ലിന്റെ സംഭാവനകള്‍ താരതമ്യപ്പെടുത്താനാവില്ല. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ 6.8%, 75,000 പുതിയ ജോലികള്‍, 21,044 കോടി കസ്റ്റംസ് പ്ലസ് എക്‌സൈസ്, 85,306 കോടി ജിഎസ്ടി പ്ലസ് വാറ്റ്, 3,213 കോടി ആദായനികുതി, എന്നിവ റിലയന്‍സാണ് സംഭവന ചെയ്തത്.
ആര്‍ഐഎല്‍ 44.4 ബില്യണ്‍ ഡോളര്‍ മൂലധന സമാഹരണം നടത്തി. ആഗോളതലത്തില്‍ ഒരു വര്‍ഷത്തില്‍ ഏതൊരു കമ്പനിയും നടത്തിയതില്‍ വച്ച് ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ''ഈ മൂലധന വര്‍ദ്ധനവ് ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളില്‍ ആഗോള നിക്ഷേപകരുടെ ശക്തമായ വിശ്വാസ വോട്ടാണ്,'' അംബാനി പറഞ്ഞു.
സൗദി അരാംകോ ചെയര്‍മാനും പിഐഎഫ് ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യന്‍ സ്വതന്ത്ര ഡയറക്ടറായി ബോര്‍ഡ് ഓഫ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേരുമെന്നും അംബാനി അറിയിച്ചു. അദ്ദേഹം ഞങ്ങളുടെ ബോര്‍ഡില്‍ ചേരുന്നത് റിലയന്‍സിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിന്റെ തുടക്കമാണെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.
ഗൂഗിളുമായി സഹകരിച്ച് പുതിയ 'ജിയോഫോണ്‍ നെക്സ്റ്റ്' സ്മാര്‍ട്ട്ഫോണ്‍ കമ്പനി വൈകാതെ പുറത്തിറക്കും. നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തുന്ന ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ സ്മാര്‍ട്ട്ഫോണായിരിക്കും ജിയോഫോണ്‍ നെക്സ്റ്റ്. ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മിക്കുന്ന സ്മാര്‍ട്ട്ഫോണാണ് ജിയോണ്‍ഫോണ്‍ നെക്സ്റ്റ് എന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയും റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു. ഗൂഗിള്‍ ക്ലൗഡും ജിയോയും തമ്മിലെ 5ജി പങ്കാളിത്തമാണ് മറ്റൊരു സവിശേഷമായ പ്രഖ്യാപനം. ഇതുവഴി കൂടുതല്‍ വേഗമുള്ള ഇന്റര്‍നെറ്റ് ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഗൂഗിള്‍ ക്ലൗഡിന്റെ പുതുതലമുറ സാങ്കേതികവിദ്യ ജിയോയുടെ മറ്റു 5ജി അധിഷ്ഠിത സേവനങ്ങള്‍ക്കും പിന്തുണയര്‍പ്പിക്കും.