
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്-സൗദി അരാംകോ സഹകരണം മുറിഞ്ഞതിന് പിന്നിലെ കാരണം പുറത്ത്. പെട്രോളിയം ബിസിനസില്‍ 20 ശതമാനം പങ്കാളിത്തം ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയ്ക്കു നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്മാറിയത് ബിസിനസിന്റെ മൂല്യനിര്‍ണയം സംബന്ധിച്ച ഭിന്നത മൂലമെന്നു സൂചന. ലോകം ഫോസില്‍ ഇന്ധനമായ പെട്രോളിയത്തില്‍ നിന്നു കഴിയുന്നത്ര മാറാനും കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനും ലോക രാജ്യങ്ങള്‍ ശ്രമം ശക്തമാക്കിയ സാഹചര്യത്തില്‍ ബിസിനസിന്റെ ഭാവിമൂല്യം സംബന്ധിച്ച് രണ്ടഭിപ്രായമുണ്ടായെന്ന് വാര്‍ത്താ ഏജന്‍സി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അരാംകോ 1500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നായിരുന്നു 2019 ലെ തീരുമാനം. 2 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍, തീരുമാനം റദ്ദാക്കുകയാണെന്നു കഴിഞ്ഞയാഴ്ച കമ്പനികള്‍ അറിയിക്കുകയായിരുന്നു. പുതിയ ഇന്ധനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് നവീകരിക്കുന്ന സാഹചര്യത്തിലാണിതെന്നാണു റിലയന്‍സ് വിശദീകരിച്ചത്. എണ്ണ രാസവസ്തു ബിസിനസിന്റെ മൂല്യം 7500 കോടി ഡോളര്‍ എന്ന നിലപാടില്‍ റിലയന്‍സ് നിന്നപ്പോള്‍ 10 ശതമാനം എങ്കിലും കുറവേ വരൂ എന്ന നിലപാടാണ് അരാംകോ സ്വീകരിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ നടന്ന ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയോടെ ലോകത്തിന്റെ ശ്രദ്ധ ബദല്‍ ഇന്ധനങ്ങളിലേക്കു മാറിയതാണ് മൂല്യനിര്‍ണയം കുറയ്ക്കാന്‍ പ്രേരണയായ മുഖ്യ ഘടകം.
റിലയന്‍സ് 2035 ആകുന്നതോടെ കാര്‍ബണ്‍ നിര്‍ഗമനം ഇല്ലാതാക്കുക (നെറ്റ് സീറോ) എന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സൗരോര്‍ജം, ഹൈഡ്രജന്‍ എന്നിവയിലേക്കും ബാറ്ററി, സോളര്‍ പാനല്‍ എന്നിവയുടെ നിര്‍മാണത്തിലേക്കുമൊക്കെ പ്രവേശിക്കാനാണു ലക്ഷ്യമിടുന്നത്. അരാംകോ കരാര്‍ ഉപേക്ഷിച്ചതോടെ റിലയന്‍സിന്റെ ഓഹരിവില കാര്യമായി ഇടിഞ്ഞിരുന്നു. ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിമൂല്യം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടേതിനു പിന്നിലാകാന്‍ ഇതും കാരണമായി. എന്നാല്‍ ഇന്നലെ റിലയന്‍സിന്റെ ഓഹരിവില 6 ശതമാനം ഉയര്‍ന്നു.