
ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ്. എന്നാല്‍ ഇതിനിടെ സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്കുമായി വിയകോം 18 -നെ ലയിപ്പിക്കാനുള്ള നിര്‍ണായക നീക്കം റിലയന്‍സ് ഉപേക്ഷിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്തെ അംബാനിയുടെ കയ്യൊപ്പാണ് വിയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. വിനോദ ബിസിനസിനെ സോണി കോര്‍പ്പറേഷന് കീഴിലുള്ള സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യയുമായി ലയിപ്പിക്കാനായിരുന്നു റിലയന്‍സ് ആലോചിച്ചിരുന്നത്. ഇരു കമ്പനികളും ലയിച്ചാല്‍ സോണി കോര്‍പ്പറേഷന് കൂടുതല്‍ ഓഹരി പങ്കാളിത്തം കിട്ടും. എന്തായാലും സോണിയുമായി കൂട്ടുകെട്ട് വേണ്ടെന്നാണ് ഇപ്പോള്‍ റിലയന്‍സിന്റെ തീരുമാനം.
പകരം ഡിജിറ്റല്‍ കണ്ടന്റുകളില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. കാരണം ഡിജിറ്റല്‍ മീഡിയയും വിനോദവും ജിയോയുടെ ബിസിനസ് തന്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരും. അതുകൊണ്ട് ജിയോയുടെ വളര്‍ച്ച മുന്‍നിര്‍ത്തി ഡിജിറ്റല്‍ മീഡിയ ബിസിനസില്‍ ശക്തമായി ഇറങ്ങാനാണ് റിലയന്‍സിന്റെ പുതിയ തീരുമാനം. ഇന്ത്യയിലെ ഏറ്റവും മികച്ച ഒടിടി, സംപ്രേക്ഷണ പ്ലാറ്റ്ഫോമുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കമ്പനി കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ മറ്റു പ്രൊഡക്ഷന്‍ കമ്പനികളുമായി സഹകരിച്ചാണ് ജിയോ ഫൈബറിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ മീഡിയ ബിസിനസില്‍ സ്വയംപര്യാപ്ത നേടിയാല്‍ മറ്റു കമ്പനികളെ ആശ്രയിക്കേണ്ട ആവശ്യം റിലയന്‍സിനുണ്ടാവില്ല.
വിയകോം ഇന്‍കോര്‍പ്പറേഷനും ടിവി 18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വിയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ഇതില്‍ ടിവി 18 -ന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഏഴു ഇന്ത്യന്‍ ഭാഷകളിലായി 40 -ലധികം ചാനലുകളാണ് വിയകോം 18 -ന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ വിയകോം 18 മോഷന്‍ പിക്ചേഴ്സ് എന്ന സിനിമാ കമ്പനിയും വൂട്ട് എന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമും ഇന്ത്യാകാസ്റ്റ് മീഡിയ എന്ന വിതരണ കമ്പനിയും വിയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കലുണ്ട്. മറുഭാഗത്ത് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യയുടെ കാര്യമെടുത്താല്‍ 20 -ലധികം ചാനലുകളാണ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ വിവിധ സ്പോര്‍ട്സ് നെറ്റ്വര്‍ക്കുകളും ഉള്‍പ്പെടും.
ഫൈബര്‍-ടു-ഹോം ബിസിനസില്‍ ചുവടുറപ്പിച്ച സാഹചര്യത്തില്‍ സോണിയുമായി സഹകരിക്കാന്‍ റിലയന്‍സിന് താത്പര്യമില്ല. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍, ജിയോ സിനിമാ, സീ5, സോണി ലൈവ്, വൂട്ട്, ആള്‍ട്ട് ബലാജി, സണ്‍ എന്‍എക്സ്ടി, ഷെമാരൂ, ലയണ്‍സ്ഗേറ്റ് പ്ലേ, ഹോയ്ചോയ് എന്നീ 12 ഒടിടി (ഒവര്‍-ദി-ടോപ്) ആപ്പുകള്‍ ഫൈബര്‍ പ്ലാനുകളില്‍ റിലയന്‍സ് നല്‍കുന്നുണ്ട്. ഡിജിറ്റല്‍ കണ്‍ടന്റിന് വേണ്ടിയായിരുന്നു സോണിയുമായി സഹകരിക്കാന്‍ റിലയന്‍സ് ആലോചിച്ചത്. എന്നാല്‍ കൂട്ടുകെട്ടില്‍ കൂടുതല്‍ ഓഹരികള്‍ സോണി കൊണ്ടുപോകുമെന്ന് തിരിച്ചറിവും കമ്പനിയുടെ പിന്മാറത്തിന് കാരണമായി.