ലേലത്തിന് താല്‍പ്പര്യമുള്ളവരുമായി ആര്‍എഫ്ആര്‍പി പങ്കിടാന്‍ തയാറായി റിലയന്‍സ് ക്യാപ്പിറ്റല്‍

April 25, 2022 |
|
News

                  ലേലത്തിന് താല്‍പ്പര്യമുള്ളവരുമായി ആര്‍എഫ്ആര്‍പി പങ്കിടാന്‍ തയാറായി റിലയന്‍സ് ക്യാപ്പിറ്റല്‍

ന്യൂഡല്‍ഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപ്പിറ്റലിന്റെ വായ്പാദാതാക്കള്‍, വ്യാഴാഴ്ചയ്ക്കുള്ളില്‍ റിക്വസ്റ്റ് ഫോര്‍ റെസൊല്യൂഷന്‍ പ്ലാന്‍ രേഖകള്‍ ലേലത്തിന് താല്‍പ്പര്യമുള്ളവരുമായി പങ്കിടാന്‍ സാധ്യത. ഉയര്‍ന്ന മുന്‍കൂര്‍ പണമടച്ച ലേലക്കാര്‍ക്ക് റെസല്യൂഷന്‍ പ്രക്രിയയുടെ ഭാഗമായി പരമാവധി സ്‌കോര്‍ ലഭിക്കുമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍എഫ്ആര്‍പി സജ്ജമാക്കുന്നുണ്ട്. ലേലത്തില്‍ പങ്കെടുക്കാനായി താല്‍പ്പര്യ പത്രം സമര്‍പ്പിച്ച എല്ലാ കമ്പനികളുമായും പ്ലാന്‍ പങ്കിടുന്നുണ്ട്.

എല്ലാ ലേലക്കാര്‍ക്കും ആര്‍സിഎല്‍ രണ്ട് മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യത്തേതില്‍, കമ്പനികള്‍ക്ക് റിലയന്‍സ് ക്യാപ്പിറ്റലിന് വേണ്ടി, അതിന്റെ എട്ട് അനുബന്ധ സ്ഥാപനങ്ങളോ ക്ലസ്റ്ററുകളോ ഉള്‍പ്പെടെ, ലേലം വിളിക്കാം. രണ്ടാമത്തേത്, കമ്പനികള്‍ക്ക് റിലയന്‍സ് ക്യാപ്പിറ്റലിന്റെ സബ്സിഡിയറികള്‍ക്കായി വ്യക്തിഗതമായോ, കൂട്ടായോ ലേലം വിളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. വായ്പാദാതാക്കള്‍ അന്തിമമായി അംഗീകരിച്ച ആര്‍എഫ്ആര്‍പി രേഖ പ്രകാരം, ഒന്നാമത്തെ മാര്‍ഗത്തിന് കീഴില്‍, ആര്‍സിഎല്ലിനായി ലേലം വിളിക്കുന്ന കമ്പനികള്‍ക്ക് ഓള്‍-ക്യാഷ് ബിഡുകളോ, മുന്‍കൂര്‍ കാഷ്-കം-ഡിഫെര്‍ഡ് പേയ്‌മെന്റ് ബിഡുകളുടെ കൂട്ടമോ തിരഞ്ഞെടുക്കാം.

രണ്ടാമത്തെ മാര്‍ഗ പ്രകാരം, ആര്‍സിഎല്ലിന്റെ വിവിധ ബിസിനസുകള്‍ക്കായി ലേലം വിളിക്കുന്ന കമ്പനികള്‍ക്ക് ഓള്‍-ക്യാഷ് ബിഡുകള്‍ മാത്രമേ നടത്താനാകൂ. മാറ്റിവച്ച പേയ്‌മെന്റ് രീതി ഉപയോഗിക്കാന്‍ അവരെ അനുവദിക്കില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. മൂല്യനിര്‍ണ്ണയ മാനദണ്ഡമനുസരിച്ച്, ആര്‍എഫ്ആര്‍പിയില്‍ ഉയര്‍ന്ന തോതില്‍ മുന്‍കൂര്‍ പണമടയ്ക്കുന്ന ലേലക്കാര്‍ക്ക് വായ്പക്കാരില്‍ നിന്ന് പരമാവധി സ്‌കോറുകള്‍ ലഭിക്കുമെന്നാണ് വിവരം.

ആര്‍എഫ്ആര്‍പി പ്രകാരം ലേലക്കാര്‍ മുന്‍കൂറായി പണമടയ്ക്കുന്നതിനുള്ള സമയപരിധി 90 ദിവസമായിരിക്കും. ഐസിഐസിഐ ലോംബാര്‍ഡ്, ടാറ്റ എഐജി, എച്ച്ഡിഎഫ്‌സി എര്‍ഗോ, നിപ്പണ്‍ ലൈഫ് ഇന്‍ഷുറന്‍സ്, ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്, അദാനി ഫിന്‍സെര്‍വ്, യെസ് ബാങ്ക്, ബ്ലാക്ക്‌സ്റ്റോണ്‍, ഇന്‍ഡസിന്‍ഡ് ഇന്റര്‍നാഷണല്‍, ബ്രൂക്ക്ഫീല്‍ഡ് എന്നിവയാണ് ആര്‍സിഎല്ലില്‍ താല്‍പ്പര്യമുള്ള പ്രമുഖ കമ്പനികള്‍.

Related Articles

© 2025 Financial Views. All Rights Reserved