കടം പെരുകി അനില്‍ അംബാനി; റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ മൊത്തം കടം 20,379.71 കോടി രൂപ

January 09, 2021 |
|
News

                  കടം പെരുകി അനില്‍ അംബാനി; റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ മൊത്തം കടം 20,379.71 കോടി രൂപ

റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ മൊത്തം കടം 20,379.71 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പലിശയടക്കം 19,805.7 കോടി രൂപയായിരുന്നു അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ കമ്പനിയുടെ കടം. നാലു മാസംകൊണ്ട് 574 കോടി രൂപയോളം കമ്പനിക്ക് കടംപെരുകി. വ്യാഴാഴ്ച്ച സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങ്ങിലാണ് ഏറ്റവും പുതിയ ചിത്രം റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡ് വെളിപ്പെടുത്തിയത്.

നിലവില്‍ 523.98 കോടി രൂപ എച്ച്ഡിഎഫ്സി ലിമിറ്റഡിനും 100.63 കോടി രൂപ ആക്സിസ് ബാങ്കിനും റിലയന്‍സ് ക്യാപിറ്റല്‍ കൊടുത്തുവീട്ടാനുണ്ട്. ഇവര്‍ക്ക് പുറമെ മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പ ഇനത്തില്‍ 700.76 കോടി രൂപയോളമാണ് റിലയന്‍സ് ക്യാപിറ്റലിന്റെ ബാധ്യത. സമാനമായി റിലയന്‍സ് ഹോം ഫൈനാന്‍സും വ്യാഴാഴ്ച്ച മൊത്തം ബാധ്യതകള്‍ വെളിപ്പെടുത്തിയിരുന്നു. 13,000 കോടി രൂപയോളമാണ് റിലയന്‍സ് ഹോം ഫൈനാന്‍സിന്റെ മൊത്തം ബാധ്യത.

കഴിഞ്ഞദിവസം അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ കമ്പനികളുടെ അക്കൗണ്ടുകള്‍ 'ഫ്രോഡ്' (തട്ടിപ്പ്) വിഭാഗത്തിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റിയിരുന്നു. ഓഡിറ്റ് പരിശോധനയില്‍ മൂന്നു കമ്പനികളിലെയും അക്കൗണ്ട് ഇടപാടുകളില്‍ ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തിലാണ് എസ്ബിഐയുടെ നടപടി. ഇക്കാര്യം ദില്ലി ഹൈക്കോടതിയെ ബാങ്ക് അറിയിക്കുകയും ചെയ്തു. അക്കൗണ്ടുകള്‍ 'ഫ്രോഡ്' വിഭാഗത്തിലേക്ക് മാറ്റിയാല്‍ ഒരാഴ്ച്ചക്കകം സംഭവം റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്നാണ് ചട്ടം. ഒരു കോടി രൂപയ്ക്ക് മുകളിലാണ് അക്കൗണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പെങ്കില്‍ ബാങ്കിന് സിബിഐയില്‍ പരാതി നല്‍കാം. ക്രമക്കേട് ഒരു കോടി രൂപയ്ക്ക് താഴെയാണെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ടാല്‍ മതിയാകും. എന്തായാലും ക്രമക്കേട് കണ്ടെത്തിയാല്‍ 30 ദിവസത്തിനകം ബാങ്ക് പരാതി നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം.

ഇതേസമയം, എസ്ബിഐയുടെ നീക്കത്തിനെതിരെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ പുനിത് ഗാര്‍ഗ് കോടതിയെ സമീപിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമകളുടെ പക്ഷം കേള്‍ക്കാതെയാണ് അക്കൗണ്ടുകള്‍ 'ഫ്രോഡ്' വിഭാഗത്തില്‍പ്പെടുത്തിയതെന്നും ഈ നടപടി നീതിലംഘനമാണെന്നും പുനിത് ഗാര്‍ഗ് കോടതിയെ അറിയിച്ചു. എന്തായാലും അനില്‍ അംബാനിക്കും കമ്പനികള്‍ക്കുമെതിരെ സിബിഐ അന്വേഷണം നടക്കാനാണ് സാധ്യത കൂടുതല്‍.

Related Articles

© 2025 Financial Views. All Rights Reserved