റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലപ്പത്ത് അഴിച്ചുപണി; മുകേഷ് അംബാനി സ്ഥാനമൊഴിഞ്ഞേക്കും

December 29, 2021 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലപ്പത്ത് അഴിച്ചുപണി; മുകേഷ് അംബാനി സ്ഥാനമൊഴിഞ്ഞേക്കും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കുടുംബ ബിസിനസുകളില്‍ ഒന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃരംഗത്ത് നിന്ന് സ്ഥാനമൊഴിയുന്നതിന്റെ സൂചനകള്‍ നല്‍കി മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ രംഗത്ത് നിന്ന് മുകേഷ് അംബാനി സ്ഥാനമൊഴിഞ്ഞേക്കും.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനിയുടെ പിന്‍മുറക്കാര്‍ ഉടന്‍ കമ്പനിയുടെ നേതൃസ്ഥാനത്ത് എത്തിയേക്കും. ഊര്‍ജ മേഖല മുതല്‍ ടെലികോം വരെ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് റിലയന്‍സിന്‍േറത്. 20,800 കോടി ഡോളറിന്റെ സാമ്രാജ്യം മക്കള്‍ക്കായി പകുത്ത് നല്‍കിയേക്കും എന്നാണ് സൂചന.

മുകേഷ് അംബാനി പരമ്പരാഗത സ്വത്തുക്കള്‍ ഭാഗം വക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അംബാനി തന്നെ നേതൃത്വ മാറ്റത്തിനെറ സൂചനനകള്‍ നല്‍കിയാതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പടിഇറങ്ങാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും കമ്പനി നല്‍കിയിട്ടില്ല.

ശരിയായ ആളുകളും ശരിയായ നേതൃത്വവും ഒരുമിക്കുമ്പോഴാണ് വലിയ സ്വപ്നങ്ങളും അസാധ്യമായ പല ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ ആകുന്നത് എന്നും കുടുംബ ബിസിനസ് അടുത്ത തലമുറയിലെ യുവ നേതാക്കളിലേക്ക് കൈമാറാനുള്ള ശ്രമത്തിലാണ് റിലയന്‍സ് എന്നാണ് അദ്ദേഹം പൊതുവേദിയില്‍ വ്യാക്തമാക്കിയത്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനം ആര്‍ക്കു നല്‍കും എന്നതിനേക്കുറിച്ചോ, അംബാനി സ്ഥാനം ഉപേക്ഷിച്ച് കമ്പനിയിലെ മറ്റ് പ്രധാന റോളുകള്‍ തുടരുമോ എന്നതിനെക്കുറിച്ചോ അദ്ദേഹം വിശദീകരിച്ചിട്ടില്ല.

താന്‍ ഉള്‍പ്പെടെയുള്ള പഴയ തലമുറ നേതൃമാറ്റം വേഗത്തിലാക്കണമെന്നും യുവതലമുറയ്ക്ക് വഴിമാറണമെന്നുമാണ് അംബാനിയുടെ നിലപാട്. റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനാഘോശങ്ങളുടെ ഭാഗമായുള്ള റിലയന്‍സ് ഫാമിലി ഡേ എന്ന വാര്‍ഷിക പരിപാടിയില്‍ വെച്ചാണ് അംബാനി ലോകത്തിന് മുന്നില്‍ മനസ് തുറന്നത്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളിലൊന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ നേടിയ നേട്ടങ്ങളില്‍ മാത്രം സംതൃപ്തരാകരുത് എന്നും ഭൂതകാല നേട്ടങ്ങള്‍ പറഞ്ഞ്, ഭാവി സാധ്യതകള്‍ വിസ്മരിക്കുന്ന കമ്പനികള്‍ ചരിത്രമായി മാത്രം അവശേഷിക്കുമെന്നും ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ കൂടെയായ മുകേഷ് അംബാനി ഓര്‍മപ്പെടുത്തി. 2014 മുതല്‍ ആകാശും ഇഷയും റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവയുടെ ഡയറക്ടര്‍ സ്ഥാനത്തുണ്ട്. ഇളയ മകനായ ആനന്ദിനും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നേതൃസ്ഥാനം നല്‍കിയേക്കും. മാര്‍ച്ച് മുതല്‍ റിലയന്‍സ് ജിയോയുടെ അഡീഷണല്‍ ഡയറക്ടര്‍ ആണ് ആനന്ദ് അംബാനി.

മുകേഷ് അംബാനി തന്റെ ബിസിനസ് ശൃംഖല മൂന്നു മക്കളുടെയും മേല്‍നോട്ടത്തിനായി വിട്ടു കൊടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനായി പ്രത്യേക ഫാമിലി കൗണ്‍സില്‍ രൂപീകരിച്ചേക്കും എന്ന സൂചനകള്‍ ഉണ്ടായിരുന്നു. റിലയന്‍സിന്റെ ഭരണപരമായ സൗകര്യത്തിനായി രൂപീകരിയ്ക്കുന്ന കൗണ്‍സിലില്‍ അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. നിത അംബാനിയും കുടുംബത്തിന് പുറത്തുള്ള ഒരാളും കൗണ്‍സിലില്‍ ഉണ്ടായിരിക്കും എന്നായിരുന്നു സൂചന. കമ്പനിയുടെ അഡൈ്വസര്‍മാരും മെമ്പര്‍മാരും ആയിട്ടായിരിക്കും കുടുംബാംഗങ്ങള്‍ പ്രവര്‍ത്തിയ്ക്കുക.

Related Articles

© 2025 Financial Views. All Rights Reserved