
വിപണിമൂല്യം 11 ലക്ഷം കോടി രൂപയിലെത്തിയ രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കൃത്യമായി പറഞ്ഞാല്‍ 11,44,949 കോടി. മാര്‍ച്ച് പകുതിയില്‍ തുടങ്ങിയ ഓഹരി വിലയിലെ റാലിയാണ് മികച്ച ഉയരം എത്തിപ്പിടിക്കാന്‍ കമ്പനിയെ സഹായിച്ചത്. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യാന്‍ മിനുട്ടുകള്‍ അവശേഷിക്കേ, ഓഹരി വില 1,788 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ജൂണ്‍ 18ലെ ക്ലോസിങ് നിരക്കില്‍നിന്ന് അഞ്ചുശതമാനത്തിലേറെയാണ് നേട്ടം. മൂന്നുമാസംകൊണ്ട് നിക്ഷേപകര്‍ക്ക് ഇരട്ടിനേട്ടമാണ് കമ്പനി നല്‍കിയത്. മാര്‍ച്ച് 23ന് 867 രൂപയായിരുന്നു ഓഹരിയുടെ വില.
കടബാധ്യതയില്‍നിന്ന് കരകയറ്റിയതാണ് മികച്ചനേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചത്. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 24.71ശതമാനം ഉടമസ്ഥതാവകാശം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിറ്റ് 1.15 ലക്ഷംകോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് 58 ദിവസംകൊണ്ട് സമാഹരിച്ചത്.
അവകാശ ഓഹരി വില്പനയിലൂടെ 53,124 കോടി രൂപ സമാഹരിക്കാനും കമ്പനിക്കായി. കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കഴിഞ്ഞദിവസം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റീട്ടെയില്‍മേഖലയില്‍ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.