റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 15 ലക്ഷം കോടി മറികടന്നു

September 04, 2021 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 15 ലക്ഷം കോടി മറികടന്നു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 15 ലക്ഷം കോടി മറികടന്നു. ഓഹരി വിപണിയില്‍ വ്യാപാരത്തിനിടെ റിലയന്‍സ് ഓഹരികള്‍ ഒരു ഘട്ടത്തില്‍ 2,394.30 രൂപ വരെ ഉയര്‍ന്നു. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ റിലയന്‍സ് ഓഹരികള്‍ 94.60 രൂപ നേട്ടത്തോടെ അഥവാ 4.12 ശതമാനം ഉയരത്തില്‍ 2,388.25 രൂപയില്‍ എത്തി.

ജനുവരിയില്‍ വിപണി മൂല്യത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ സണ്‍സിന്റെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മിലുള്ള അന്തരം അധികമില്ലായിരുന്നു. എന്നാല്‍ ഇന്നലെ ഓഹരി വിപണി ക്ലോസ് ചെയ്തപ്പോള്‍ വിപണി മൂല്യത്തില്‍ രാജ്യത്തെ ഒന്നും രണ്ടും സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ടിസിഎസും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത് വരും! വിപണി മൂല്യത്തില്‍ 15 ലക്ഷം കോടി രൂപയെന്ന നിര്‍ണായക നാഴികക്കല്ല് റിലയന്‍സ് താണ്ടിയിരിക്കുന്നു.

കഴിഞ്ഞ പത്ത് വ്യാപാര സെഷനുകള്‍ക്കിടെ റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ജൂലൈ അവസാനം മുതലുള്ള കണക്കെടുത്താല്‍ ഓഹരി വിലയിലുണ്ടായിരിക്കുന്ന 17 ശതമാനം ഉയര്‍ച്ച. ഇന്നലെ മാത്രം നാല് ശതമാനം വില വര്‍ധിച്ചതോടെ റിലയന്‍സ് ഓഹരി വില സര്‍വകാല റെക്കോര്‍ഡായ 2,389 രൂപയിലെത്തി.

കമ്പനിയുടെ വിപണി മൂല്യം നിലവില്‍ 15.41 ലക്ഷം കോടി രൂപയാണ്. 2020 സെപ്റ്റംബര്‍ 16 ലെ 2,368.80 രൂപ എന്ന നിലവാരമാണ് റിലയന്‍സ് ഇന്നലെ മറികടന്നത്. ഹരിത ഊര്‍ജ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനവും ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ പത്തിന് പുറത്തിറങ്ങുന്നതും ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കി. കഴിഞ്ഞ 30 ദിവസത്തിനിടെ റിലയന്‍സ് ഓഹരി വിലയില്‍ 15 ശതമാനത്തിന്റെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved