
റിലയന്‍സ് റീറ്റെയ്ലിലേക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നു. ഏറ്റവുമൊടുവില്‍ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആര്‍ 5500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ്. ഇതോടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് റീറ്റെല്‍സ് വെഞ്ചേഴ്സ് ലിമിറ്റഡിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ഒരാഴ്ച മുമ്പ് 7500 കോടി രൂപ നിക്ഷേപിച്ച് 1.75 ശതമാനം ഓഹരി കൈക്കലാക്കിയിരുന്നു. കെകെആറിന് പുതിയ നിക്ഷേപത്തിലൂടെ സ്വന്തമാകുക റിലയന്‍സ് റീറ്റെയ്ലില്‍ 1.28 ശതമാനം ഓഹരിയാണ്.
ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ കമ്പനി സ്വീകരിച്ച നിക്ഷേപം 13,050 കോടി രൂപയായി. നേരത്തേ കെകെആര്‍ റിലയന്‍സ് ജിയോയില്‍ 11367 കോടി രൂപ നിക്ഷേപം നടത്തിയിരുന്നു. ക്മ്പനിയുടെ 15 ശതമാനം ഓഹരികള്‍ കൈമാറ്റം ചെയ്ത് 60,000-63,000 കോടി രൂപ സമാഹരിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനം, അബുദാബി ആസ്ഥാനമായുള്ള മുബാദല, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റി, കെകെആര്‍, എല്‍ കാറ്റേര്‍ട്ടന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ റിലയന്‍സ് റീറ്റെയ്ലില്‍ നിക്ഷേപം നടത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
ഊര്‍ജം മുതല്‍ ടെലികമ്യൂണിക്കേഷന്‍ വരെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ശ്രദ്ധയൂന്നുന്ന റിലയന്‍സ് ഗ്രൂപ്പ് ടെക്നോളജി, റീറ്റെയ്ല്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ആലിബാബ മാതൃകയില്‍ രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് ശൃംഖലയാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ കാല്‍ലക്ഷത്തോളം കോടി രൂപ നല്‍കി ഏറ്റെടുത്തതും ഇതിന്റെ ഭാഗമായാണ്. 1.63 ലക്ഷം കോടി രൂപയാണ് 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം റിലയന്‍സ് റീറ്റെയ്ലിന്റെ വിറ്റുവരവ്. രാജ്യത്തെ ഏഴായിരം നഗരങ്ങളിലായി 12,000ത്തോളം സ്റ്റോറുകള്‍ കമ്പനിക്കുണ്ട്.