
ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം നടത്തിക്കൊണ്ടിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിയോയുടെ കടന്നുവരവോടെ രാജ്യത്തെ ടെലികോം രംഗം പുതിയ യുഗത്തിലേക്ക് ചുവടുവെച്ചു; എയര്‍ടെല്ലിന്റെയും ഐഡിയയുടെയും അപ്രമാദിത്വം അംബാനി തകര്‍ത്തെറിഞ്ഞു. ഇന്ത്യയില്‍ സ്വപ്നവളര്‍ച്ചയാണ് ജിയോ കൈവരിക്കുന്നത്. ജിയോയുടെ അതിവേഗ വളര്‍ച്ച കണ്ട് ഗൂഗിളും, ഫെയ്സ്ബുക്കുമടക്കമുള്ള വമ്പന്മാര്‍ റിലയന്‍സുമായി കൂട്ടുകൂടിയിരിക്കുന്നു. എന്നാല്‍ ഇതിനിടയില്‍ പുതിയൊരു പ്രതിസന്ധി കമ്പനിയെ പിടിച്ചുകുലുക്കുകയാണ്.
ജിയോയുടെ കൈവശമുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം കുത്തനെ ഇടിയുന്നു. ജൂണിലെ കണക്കുകളില്‍ 39.7 കോടി ഉപയോക്താക്കളുണ്ട് ജിയോയ്ക്ക്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളെന്ന തിലകക്കുറി കമ്പനി നേടിയെടുത്തതും ഈ മാസം തന്നെ. ജിയോയുടെ അസൂയാവഹമായ വളര്‍ച്ച മുന്‍നിര്‍ത്തി മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറി. ഫെയ്സ്ബുക്ക്, ഗൂഗിള്‍ അടക്കം 13 വിദേശ നിക്ഷേപക കമ്പനികളില്‍ നിന്നും 20 ബില്യണ്‍ ഡോളറാണ് ജിയോ നിക്ഷേപമായി സമാഹരിച്ചത്.
എന്നാല്‍ സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ പിന്നാക്കം പോവുന്നതാണ് റിലയന്‍സ് ജിയോയെ അലട്ടുന്ന പുതിയ ആശങ്ക. ജൂണില്‍ 39.7 കോടി ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇതില്‍ 78 ശതമാനം മാത്രമാണ് ജിയോ സേവനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം 84 ശതമാനം സജീവ ഉപയോക്താക്കളുണ്ടായിരുന്നു ജിയോയ്ക്ക്. ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്.
ഓരോ മാസവും അതത് നെറ്റ്വര്‍ക്കുകളുമായി കണക്ഷന്‍ സ്ഥാപിക്കുന്ന ഉപയോക്താക്കളെയാണ് സജീവ ഗണത്തില്‍ ട്രായി പരിഗണിക്കുന്നത്. ചുരുക്കത്തില്‍ ജൂണില്‍ ജിയോ രേഖപ്പെടുത്തിയ 39.7 കോടി ഉപയോക്താക്കളില്‍ 8.7 കോടി പേര്‍ നിഷ്‌ക്രിയരാണ്. മറുഭാഗത്ത് എതിരാളികളായ വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ വന്‍കുതിച്ചുച്ചാട്ടം നടത്തിയതും കാണാം. ജൂണില്‍ 90 ശതമാനം വര്‍ധനവ് വോഡഫോണ്‍ ഐഡിയ കുറിച്ചു; എയര്‍ടെല്‍ 98 ശതമാനവും.
മാസാമാസം റീച്ചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കളെ തിരഞ്ഞുപിടിച്ച് ഇവരുടെ സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ക്ക് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ ആദ്യമേ തുടക്കമിട്ടിരുന്നു. സജീവ ഉപയോക്താക്കളുടെ ചിത്രം പരിശോധിച്ചാല്‍ ജൂണില്‍ എയര്‍ടെല്ലും ജിയോയും ഒപ്പത്തിനൊപ്പം എത്തും. ഇരുകൂട്ടര്‍ക്കും 31 കോടി വീതം സജീവ ഉപയോക്താക്കളുണ്ട്.
രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളും നെറ്റ്വര്‍ക്കുകളുമായി ബന്ധം സ്ഥാപിച്ച നമ്പറുകളും പരിശോധിച്ചാണ് സജീവ ഉപയോക്താക്കളെ മാസാമാസം ട്രായ് കണ്ടെത്തുന്നത്. നിലവില്‍ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് സജീവ ഉപയോക്താക്കളിലാണ് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തത്ഫലമായി ഉപയോക്താക്കളില്‍ നിന്നും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഇവര്‍ കയ്യടക്കുന്നു.
എന്നാല്‍ ഉപയോക്താക്കളുടെ മൊത്തം എണ്ണം കാട്ടി നിക്ഷേപകരുടെ ശ്രദ്ധ കയ്യടക്കുന്നതിലാണ് റിലയന്‍സ് ജിയോയ്ക്ക് താത്പര്യം. എന്നാല്‍ സജീവ ഉപയോക്താക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വീഴുമ്പോള്‍ പതിവു തന്ത്രം ജിയോയ്ക്ക് മാറ്റേണ്ടിവരും. ഡേറ്റ മാത്രം ലഭ്യമാക്കുന്ന ഡോംഗിള്‍ സംവിധാനങ്ങള്‍ക്ക് വേണ്ടി വലിയ ശതമാനം ആളുകള്‍ ജിയോ സിമ്മുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷെ ഇതാകാം കമ്പനിക്ക് തിരിച്ചടിയാകുന്നത്. എന്തായാലും അടുത്ത 3 വര്‍ഷം കൊണ്ട് 50 കോടി ഉപയോക്താക്കളെ നേടുകയാണ് റിലയന്‍സ് ജിയോയുടെ ആത്യന്തിക ലക്ഷ്യം.