
ഗൂഗിള്‍ പേ,പേടിഎം,ആമസോണ്‍ പേ,ഫോണ്‍പേ തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പുതിയ വെല്ലുവിളിയായി ജിയോ.ജിയോ യുപിഐ പേയ്‌മെന്റ് ആരംഭിച്ചിരിക്കുകയാണ്. റിലയന്‍സ് ജിയോയുടെ ഒഫീഷ്യല്‍ ആപ്പായ മൈജിയോ ആപ്പിലാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട കസ്റ്റമേഴ്‌സിന് മാത്രമേ ഈ ഓപ്ഷന്‍ ലഭിക്കുകയുള്ളൂ.
മൈ ജിയോ ആപ്പില്‍ യുപിഐ ഓപ്ഷന്‍ ചേര്‍ത്തുവെന്നും യുപിഐ ഹാന്‍ഡില്‍ @ജിയോ എന്ന പേരില്‍ വെര്‍ച്വല്‍ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.നേരത്തെ ജിയോ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുമായി യുപിഐ പേയ്മെന്റുകള്‍ നടത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.മറ്റ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് ആപ്പുകള്‍ ഉപയോഗിക്കുന്നതുപോലെ യുപിഐ പിന്‍ ജനറേറ്റ് ചെയ്തതിനുശേഷം മാത്രമേ ജിയോ വരിക്കാര്‍ക്ക് ജിയോ യുപിഐ സേവനം ഉപയോഗിക്കാന്‍ കഴിയൂ. യുപിഐ പിന്‍ സൃഷ്ടിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പറിലുള്ള ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവയും നല്‍കണം.എന്‍ട്രാക്കര്‍ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ അനുസരിച്ച്, നിലവിലുള്ള സേവനങ്ങളായ ജിയോസാവന്‍, ജിയോസിനിമ, ജിയോഎംഗേജ് എന്നിവയ്ക്കൊപ്പമാണ് യുപിഐ ഓപ്ഷന്‍ മെനുവില്‍ നല്‍കിയിരിക്കുന്നത്.
യൂസര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ ഉപയോഗിച്ച് പണം അയക്കാനും, സ്‌കാന്‍ ചെയ്ത് അയക്കാനും, കൂടാതെ പണം ആവശ്യപ്പെടാനും സാധിക്കും.പാസ്ബുക്ക് ഓപ്ഷനും ഇതിലുണ്ട്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും മൈജിയോ ആപ്പില്‍ ആഡ് ചെയ്യാനാവും.മറ്റ് യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍ പേ, പേടിഎം, വാട്‌സാപ്പ് എന്നിവയോട് സമാനമായാണ് മൈജിയോ ആപ്പിലും യുപിഐ പ്രവര്‍ത്തിക്കുക. ഈ മേഖലയിലേക്കുള്ള ജിയോയുടെ ചുവടുവെപ്പ് രാജ്യത്ത് ഇനിയും യുപിഐ പേയ്മെന്റുകള്‍ വര്‍ധിപ്പിക്കും എന്നാണ് കരുതുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഡിസംബറില്‍ മാത്രം യുപിഐ വഴി 2.02 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ആണ് നടന്നിരിക്കുന്നത്.