
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹനമേഖലയിലെ ഇലക്ട്രിക് വിപ്ലവത്തിന്റെ ഭാഗമാവാനായി താല്‍പര്യപത്രം നല്‍കി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും ആനന്ദ് മഹീന്ദ്രയുടെ മഹീന്ദ്ര & മഹീന്ദ്ര കമ്പനിയും. ഇവര്‍ക്കൊപ്പം ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്, സോഫ്റ്റ് ബാങ്ക് പിന്തുണ നല്‍കുന്ന ഒല ഇലക്ട്രിക്, ലാര്‍സന്‍ & ടര്‍ബോ, എക്‌സ്സൈഡ് എന്നീ കമ്പനികളും താല്‍പര്യപത്രം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനികളൊന്നും തയാറായിട്ടില്ല.
50 ജിഗാവാട്ട് മണിക്കൂര്‍ ബാറ്ററി ശേഖരണത്തിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള താല്‍പര്യപത്രമാണ് ക്ഷണിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ആറ് ബില്യണ്‍ ഡോളര്‍ നിക്ഷേപം പദ്ധതിയിലൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തോളം കമ്പനികള്‍ നിലവില്‍ താല്‍പര്യപത്രം നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കമ്പനികളില്‍ ഓരോന്നും അഞ്ച് ജിഗാവാട്ട് മണിക്കൂര്‍ ബാറ്ററി ശേഖരണത്തിനുള്ള സംവിധാനമാവും ഒരുക്കുക. മലിനീകരണം കുറക്കാന്‍ വാഹനമേഖലയില്‍ ഇലക്ട്രിക് വിപ്ലവത്തിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ മുന്നേറ്റം പുതിയ പദ്ധതിയിലൂടെ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.