
പ്രമുഖ ഇന്റിമേറ്റ്വെയര്‍ ബ്രാന്‍ഡുകളായ സിവാമെ, അമാന്‍ഡെ എന്നിവയ്ക്കു പിന്നാലെ ക്ലോവിയയെയും റിലയന്‍സ് സ്വന്തമാക്കി. രാജ്യത്തെ ഉള്‍വസ്ത്ര വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കല്‍. ക്ലോവിയ ബ്രാന്‍ഡിന്റെ നിര്‍മാതാക്കളായ പര്‍പ്പിള്‍ പാന്‍ഡ ഫാഷന്‍സിന്റെ 89ശതമാനം ഓഹരികളാണ് 950 കോടി രൂപ മുടക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് സ്വന്തമാക്കിയത്. ബാക്കിയുള്ള ഓഹരികള്‍ സ്ഥാപകരായ പങ്കജ് വെര്‍മാനി, നേഹ കാന്ത്, സുമന്‍ ചൗധരി എന്നിവരുടെ കൈവശംതന്നെ തുടരും. മൂവരും ചേര്‍ന്ന് 2013ലാണ് ക്ലോവിയ്ക്ക് തുടക്കമിടുന്നത്.
ആഢംബര ഉത്പന്നങ്ങളുടെ റീട്ടെയില്‍ വില്പന മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തിനിടെ നിരവധി ഫാഷന്‍, റീട്ടെയില്‍ ബ്രാന്‍ഡുകളെയാണ് റിലയന്‍സ് ഏറ്റെടുത്തത്. ടെക്സ്‌റ്റൈല്‍ മേഖലയില്‍ അതിവേഗവളര്‍ച്ചയാണ് ഇന്റിമേറ്റ് അപ്പാരല്‍ വ്യവസായത്തിനുള്ളത്. പലയിടങ്ങളിലായുള്ള ചെറിയ ബ്രാന്‍ഡുകളെ ഏറ്റെടുത്ത് റിയലന്‍സിന്റെ ഫാഷന്‍ ഔട്ലെറ്റുകളിലൂടെ വില്പന നടത്താനാണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈനിലും സന്നിധ്യംവര്‍ധിപ്പിക്കും.