റിലയന്‍സ് റീട്ടെയിലില്‍ വിദേശ നിക്ഷേപം 10 ശതമാനത്തിന് മുകളില്‍; ആകെ 47,265 കോടി രൂപയായി

November 20, 2020 |
|
News

                  റിലയന്‍സ് റീട്ടെയിലില്‍ വിദേശ നിക്ഷേപം 10 ശതമാനത്തിന് മുകളില്‍;  ആകെ 47,265 കോടി രൂപയായി

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) റീട്ടെയില്‍ സംരംഭത്തിലെ വിദേശ നിക്ഷേപ പരിധി ആകെ നിക്ഷേപത്തിന്റെ 10 ശതമാനത്തിന് മുകളില്‍ എത്തിയതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. റിലയന്‍സ് റീട്ടെയില്‍ യൂണിറ്റിലെ ആകെ വിദേശ നിക്ഷേപം 47,265 കോടി രൂപയായി.

'സെപ്റ്റംബര്‍ 25 വരെയുളള കണക്കുകള്‍ പ്രകാരം റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) 10.09 ശതമാനം ഓഹരി സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍, കെകെആര്‍, ജിഐസി, ടിപിജി, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവയ്ക്ക് വിറ്റു. ആര്‍ആര്‍വിഎല്ലിന് സാമ്പത്തിക പങ്കാളികളില്‍ നിന്ന് 47,265 കോടി രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ തുക ലഭിക്കുകയും, അതിന് തുല്യമായി 69.27 കോടി ഇക്വിറ്റി ഷെയറുകള്‍ അവര്‍ക്ക് അനുവദിക്കുകയും ചെയ്തു, ' ആര്‍ഐഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍ 9,375 കോടിക്ക് രണ്ട് ശതമാനം ഓഹരി വാങ്ങിയപ്പോള്‍ കെകെആര്‍ 5,550 കോടി 1.19 ശതമാനം ഓഹരിയില്‍ നിക്ഷേപിച്ചു. ജിഐസിയും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും (എഐഡിഎ) 5,512.50 കോടി രൂപയ്ക്ക് 1.18 ശതമാനം വാങ്ങിയപ്പോള്‍ യുഎഇയുടെ മുബഡാല 6,247.50 കോടി രൂപയ്ക്ക് 1.33 ശതമാനം ഓഹരി വാങ്ങി.

സൗദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 9,555 കോടി രൂപയ്ക്ക് 2.04 ശതമാനം ഓഹരി സ്വന്തമാക്കി. ജനറല്‍ അറ്റ്‌ലാന്റിക് 0.78 ശതമാനം ഓഹരിക്ക് 3,675 കോടി രൂപയും ടിപിജി 0.39 ശതമാനം ഓഹരിക്ക് 1,837.50 കോടി രൂപയും നിക്ഷേപിച്ചു. നിക്ഷേപങ്ങള്‍ റിലയന്‍സ് റീട്ടെയിലിനെ ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ഫോര്‍മാറ്റുകളിലെ മത്സരിക്കുന്നതിന് ശക്തിപകരും. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവയാണ് കമ്പനിയുടെ ഈ രം?ഗത്തെ പ്രധാന എതിരാളികള്‍.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസ് ബിസിനസ്സ് എന്നിവ റിലയന്‍സ് 24,173 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തിന് സ്വന്തമാക്കിയിരുന്നു. ഇത് അതിവേ?ഗം വളര്‍ച്ചയ്ക്ക് കമ്പനിയെ സഹായിക്കും. എന്നാല്‍, ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് ആമസോണുമായി കമ്പനി നിയമ പോരാട്ടം തുടരുകയാണ്.

ഗ്രൂപ്പിന്റെ ടെലികോം, ഡിജിറ്റല്‍ സേവന കമ്പനിയായ ജിയോ പ്ലാറ്റ് ഫോമുകള്‍ക്കായി ഫേസ്ബുക്ക്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് 1.52 ലക്ഷം കോടി രൂപയാണ് റിലയന്‍സ് നേരത്തെ നിക്ഷേപമായി സ്വീകരിച്ചത്. ഓയില്‍-ടെലികോം-റീട്ടെയില്‍ ഭീമനായ റിലയന്‍സ് അതിന്റെ ഡിജിറ്റല്‍, റീട്ടെയില്‍ ബിസിനസുകളിലേക്കുളള നിക്ഷേപം വര്‍ധിപ്പിക്കാനും, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോന്നിനും പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്താനും പദ്ധതിയിട്ടാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

രാജ്യത്തെ ചെറുകിട വ്യാപാരികളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനായി ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാര്‍ട്ടിന് ഈ വര്‍ഷം മെയ് മാസത്തില്‍ റിലയന്‍സ് റീട്ടെയില്‍ തുടക്കം കുറിച്ചിരുന്നു. 'പുതിയ വാണിജ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ദശലക്ഷക്കണക്കിന് വ്യാപാരികളെയും സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യന്‍ റീട്ടെയില്‍ മേഖലയില്‍ ഒരു പരിവര്‍ത്തന പങ്ക് വഹിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ''ആര്‍ ആര്‍ വി എല്‍ ഡയറക്ടര്‍ ഇഷാ മുകേഷ് അംബാനി പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

© 2025 Financial Views. All Rights Reserved