
ഇന്ത്യന്‍ വസ്ത്രവ്യാപാര രംഗത്ത് തരംഗമാകാന്‍ റിലയന്‍സിന്റെ പുതിയ സംരംഭം ഉടന്‍. അടുത്തെത്തി നില്‍ക്കുന്ന വിവാഹ-ഉത്സവ സീസണാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 'അവന്ത്ര' എന്ന പേരിലാകും റിലയന്‍സിന്റെ വസ്ത്രശൃംഖല അറിയപ്പെടുക. സാരികളും എത്നിക് വെയറുകളുമാണ് പ്രധാന ആകര്‍ഷണം. യുവതികളെ ലക്ഷ്യമിട്ടാരംഭിക്കുന്ന അവന്ത്ര വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാകും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയെന്ന് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടാറ്റ ഗ്രൂപ്പിന്റെ 'തനിഷ്‌ക്', ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയില്‍ ലിമിറ്റഡ് എന്നിവയാകും റിലയന്‍സിന്റെ എതിരാളികള്‍.
ആഭരണ വിപണിയില്‍ തിളങ്ങിയ തനിഷ്‌ക് ബ്രാന്‍ഡിനെ വസ്ത്രവ്യാപാര രംഗത്ത് അവതരിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങള്‍ക്കിടയിലാണ് റിലയന്‍സിന്റെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ സ്റ്റോറായ അജിയോ ഇതോടകം യുവതി- യുവാക്കള്‍ക്കിടയില്‍ തരംഗമാണ്. റിലയന്‍സ് ട്രെന്‍ഡ്സ് റീട്ടെയില്‍ രംഗത്ത് നിലനില്‍ക്കേയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സ് ട്രെന്‍ഡ്സുമായി ചേര്‍ന്നാകുമോ അവന്ത്രയുടെ പ്രവര്‍ത്തനമെന്നു വ്യക്തമല്ല. വളരെ കുറഞ്ഞ വിലയ്ക്ക് റിലയന്‍സ് ഫ്രഷ് സ്റ്റോറുകള്‍ വഴിയും നിലവില്‍ വസ്ത്രങ്ങള്‍ ഉപയോക്താക്കളിലെത്തുന്നുണ്ട്. ഇവിടെ ലഭിക്കുന്ന ജനസ്വീകാര്യത കൂടുതല്‍ ഉപയോഗപ്പെടുത്താണ് റിലയന്‍സ് അവന്ത്രയിലൂടെ ലക്ഷ്യമിടുന്നതെന്നാണു വിപണിയുടെ വിലയിരുത്തല്‍.
എത്നിക് വെയറുകള്‍ക്കും സാരികള്‍ക്കും ഇന്ത്യയില്‍ മികച്ച വിപണിയാണുള്ളത്. പ്രമുഖ കമ്പനികളുമായുള്ള സഹകരണങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ പരമ്പരാഗത നെയ്തുകാരും വസ്ത്ര നിര്‍മാതാക്കളുമായും റിലയന്‍സ് സഹകരിക്കും. നല്ലി സില്‍ക്സ്, പോതീസ് തുടങ്ങിയ ബ്രാന്‍ഡുകളും അവന്ത്ര വഴി ഉപയോക്താക്കളിലെത്തും. ഇടനിലക്കാരെ ഒഴിവാക്കി ഈ ലാഭം ഉപയോക്താക്കളിലെത്തിക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. ചുരുക്കത്തില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരിലെത്തും.
വസ്ത്രങ്ങള്‍ക്കു പുറമേ ജുവലറികളും ഉപയോക്താക്കളുടെ ഇഷ്ടാനുസരണമുള്ള വസ്ത്ര ഡിസൈനുകളും തയ്യലുകളും അവന്ത്ര മുന്നോട്ടുവയ്ക്കുന്നുണ്ട്. അവന്ത്രയുടെ ആദ്യത്തെ ഔട്ട്ലെറ്റ് ബംഗളുരുവിലാകും ആരംഭിക്കുക. പിന്നീട് കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും. അടുത്തവര്‍ഷം പകുതിയോടെ ഇന്ത്യയില്‍ മൊത്തം അവന്ത്രയുടെ സാന്നിധ്യമുണ്ടാകുമെന്നാണു സൂചന. വാര്‍ഷികാടിസ്ഥാനത്തില്‍ രാജ്യത്ത് സ്ത്രീകളുടെ എത്നിക് വെയറുകള്‍ 10 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുന്നത്.