പ്രതിച്ഛായ നഷ്ടപ്പെടുന്ന ആശങ്കയില്‍ നിലപാടുമായി റിലയന്‍സ്; ഇന്ത്യയില്‍ കരാര്‍ കൃഷി നടത്താന്‍ യാതൊരു ആലോചനയുമില്ല

January 04, 2021 |
|
News

                  പ്രതിച്ഛായ നഷ്ടപ്പെടുന്ന ആശങ്കയില്‍ നിലപാടുമായി റിലയന്‍സ്; ഇന്ത്യയില്‍ കരാര്‍ കൃഷി നടത്താന്‍ യാതൊരു ആലോചനയുമില്ല

ഇന്ത്യയില്‍ കരാര്‍ കൃഷി നടത്താന്‍ യാതൊരു ആലോചനയുമില്ലെന്ന് റിലയന്‍സ്. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിച്ഛായ നഷ്ടപ്പെടുന്ന പശ്ചാത്തലത്തിലാണ് റിലയന്‍സ് തിങ്കളാഴ്ച്ച ഔദ്യോഗിക പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. റിലയന്‍സ് എന്നും കര്‍ഷകരെ പിന്തുണച്ചിട്ടേയുള്ളൂ. കോര്‍പ്പറേറ്റ് കൃഷിക്കോ കരാര്‍ കൃഷിക്കോ വേണ്ടി രാജ്യത്തൊരിടത്തും കമ്പനി കൃഷിയിടം വാങ്ങിയിട്ടില്ല. കാര്‍ഷിക മേഖലയില്‍ ഇറങ്ങാന്‍ കമ്പനിക്ക് യാതൊരു ഉദ്ദേശ്യമില്ലെന്നും പത്രക്കുറിപ്പില്‍ റിലയന്‍സ് അറിയിച്ചു.

റിലയന്‍സിന് കീഴിലുള്ള റിലയന്‍സ് റീടെയിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും പ്രസ്താവന വിശദീകരിക്കുന്നുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ റിലയന്‍സ് റീടെയില്‍ സമാഹരിക്കുന്നില്ല. വിതരണക്കാര്‍ വഴിയാണ് ഇതെത്തുന്നത്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങള്‍ വഴിയാകണം ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റെടുക്കേണ്ടതെന്ന് വിതരണക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും റിലയന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. കര്‍ഷകരെ ഒരിക്കലും റിലയന്‍സ് ചൂഷണം ചെയ്തിട്ടില്ല; ഇനി ചെയ്യുകയുമില്ലെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിലും ഹരിയാനയിലും പുതിയ കാര്‍ഷിക നിയമത്തിനെതിരെ ആളിക്കത്തുന്ന പ്രക്ഷോഭത്തില്‍ റിലയന്‍സിന് വലിയ നാശനഷ്ടം സംഭവിക്കുന്നുണ്ട്. പഞ്ചാബില്‍ മാത്രം 1,500 ഓളം റിലയന്‍സ് ജിയോ ടവറുകളും അനുബന്ധ ടെലികോം ഉപകരണങ്ങളുമാണ് പ്രക്ഷോഭകര്‍ തകര്‍ത്തത്. നേരത്തെ, പ്രക്ഷോഭകര്‍ക്ക് വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും പിന്തുണ നല്‍കുന്നതായി ജിയോ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇരു കമ്പനികളും ജിയോയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു. ജിയോയില്‍ നിന്നും വ്യാപകമായ മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ്ങും നടക്കുന്നുണ്ട്. കര്‍ഷകരെ വോഡഫോണ്‍ ഐഡിയയും എയര്‍ടെലും നിര്‍ബന്ധിച്ച് പോര്‍ട്ട് ചെയ്യിക്കുകയാണെന്നും ജിയോ ആക്ഷേപം ഉയര്‍ത്തിയിരുന്നു.

നവംബര്‍ 26 മുതലാണ് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി വ്യാപക പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. കേന്ദ്രം പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കുന്ന സംവിധാനം എടുത്തുകളയരുത്; ഇതു രണ്ടുമാണ് കര്‍ഷക സംഘടനകളുടെ പ്രധാന ആവശ്യം. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നേതാക്കളും തമ്മില്‍ നിരവധി തവണ ചര്‍ച്ച നടന്നുകഴിഞ്ഞു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കാതെ നീക്കപ്പോക്കുണ്ടാവില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved