
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കമ്പനിയുടെ മാധ്യമ, വിതരണ സ്ഥാപനങ്ങളെ പുനരേകീകരിക്കുന്നു. ടെലിവിഷന്‍ 18 ബ്രോഡ്കാസ്റ്റ്, ഹാഥ് വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം, ഡെന്‍ നെറ്റ്വര്‍ക്ക്സ്, നെറ്റ്വര്‍ക്ക് 18 മീഡിയ ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ്സ് എന്നീ കമ്പനികളെയാണ് പുനരേകികരിക്കുന്നത്. ഇതോടെ മാധ്യമ അനുബന്ധ സ്ഥാപനങ്ങളെല്ലാം നെറ്റ്വര്‍ക്ക് 18 എന്ന ഒറ്റ കമ്പനിയ്ക്ക് കീഴിലാവും. കേബിള്‍, ഇന്റര്‍നെറ്റ് ബിസിനസുകള്‍ എന്നിവ നെറ്റ്വര്‍ക്ക് 18 -ന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായും മാറ്റും. ഓഹരി കൈമാറ്റത്തിലൂടെയാവും ഈ സ്ഥാപനങ്ങളുടെ ലയനം പൂര്‍ത്തിയാക്കുക. ഏകീകരണത്തിന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നെറ്റ്വര്‍ക്ക് 18 -ലുള്ള ഓഹരി വിഹിതം 75 ശതമാനത്തില്‍ നിന്നും 64 ആയി കുറയും. വാര്‍ത്താ, വിനോദ, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ്, കേബിള്‍ ബിസിനസുകളില്‍ സീ ഗ്രൂപ്പ്, സണ്‍ ടിവി നെറ്റ്വര്‍ക്ക് തുടങ്ങിയവരോട് മത്സരിക്കാന്‍ ലയനം സഹായകമാവുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴസുമായി തിങ്കളാഴ്ച നടന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ബ്രോഡ്കാസ്റ്റിങ് ബിസിനസുകള്‍ ഒന്നിക്കുന്നതോടെ മേഖലയില്‍ 8,000 കോടി വരുമാനമുള്ള ഏറ്റവും വലിയ കമ്പനിയായി നെറ്റ്വര്‍ക്ക് 18 മാറും. കൂടാതെ, കടരഹിത കമ്പനിയെന്ന നേട്ടവും നെറ്റ്വര്‍ക്ക് 18 -ന് സ്വന്തമാവും. രാജ്യത്ത് 15 മില്യണ്‍ ഗാര്‍ഹിക കേബിള്‍ കണക്ഷനുകളുടെ വ്യാപാരം ഡെന്‍ ആന്‍ഡ് ഹാഥ് വേയ്ക്കുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ബ്രോഡ്ബാന്‍ഡ് സ്ഥാപനങ്ങള്‍ ലയിക്കുന്നതോടെ രാജ്യത്ത് ഒരു മില്യണ്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരെന്ന അവകാശം കമ്പനിയ്ക്ക് ഉന്നയിക്കാനാവും. ഏകീകരണത്തിന് ശേഷം, ടെലിവിഷന്‍ 18 ബ്രോഡ്കാസ്റ്റ് ഓഹരി ഉടമകള്‍ക്ക് നെറ്റ്വര്‍ക്ക് 18 -ന്റെ 92 ഓഹരികള്‍ ലഭിക്കും. ഹാഥ് വേ ഓഹരി ഉടമകള്‍ക്ക് 78, ഡെന്‍ ഓഹരി ഉടമകള്‍ക്ക് 191 ഓഹരികളും ലഭ്യമാവും.