
ദില്ലി:റിലയന്‍സ് സ്മാര്‍ട്ട് പോയിന്റുകള്‍ തുറക്കാന്‍ ആരംഭിച്ചു. ഇ-കൊമേഴ്‌സ് സംരംഭമായ ജിയോ മാര്‍ട്ടിന്റെ വിതരണ ശ്യംഖലയിലെ അന്തിമ കണ്ണിയാണിത്. രാജ്യത്താകമാനം ഈ ചെറിയ വിതരണ ശാലകളാണ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിനോട് ഏറ്റവും അടുത്തുള്ള ഇത്തരം സ്മാര്‍ട്ട്‌പോയിന്റഉകളില്‍ ലഭ്യമാക്കുന്നതിലൂടെ വേഗത്തില്‍ കാര്യങ്ങള്‍ നടക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അഞ്ഞൂറ് മുതല്‍ ആയിരത്തിഅഞ്ഞൂറ് വരെ ചതുരശ്ര അടി വലുപ്പമുള്ള ആയിരത്തിലധികം കടകളാണ് റിലയന്‍സ് ഉടന്‍ ആരംഭിക്കുക.
ഭക്ഷണസാധനങ്ങളും പലചരക്ക് ഉല്‍പ്പന്നങ്ങളുമാവും ഈ കടകള്‍ വഴി ഉപഭോക്താക്കൡലേക്ക് എത്തിക്കുക.ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടിലേക്ക് എത്തിച്ച് കൊടുക്കാന്‍ സൗകര്യപ്രദമായ സംവിധാനമാണിത്. കൂടാതെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഒരു ഉപഭോക്താവിന് വേണമെങ്കില്‍ ഇത്തരം സ്മാര്‍ട്ട് പോയിന്റുകളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നം കൈപ്പറ്റാനും സാധിക്കും. മുംബൈ നഗരത്തിലെ നവി മുംബൈ,താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ പതിനെട്ട് സ്മാര്‍ട്ട് പോയിന്റുകളാണ് തുറന്നത്.
രാജ്യത്തെ മറ്റ് നഗരങ്ങളിലെ ചെറിയ കടകളെ സ്മാര്‍ട്ട്‌പോയിന്റുകളാക്കി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. കുറഞ്ഞ വാടകയ്കക്കുള്ള കെട്ടിടങ്ങള്‍ക്കായാണ് അന്വേഷണം നടക്കുന്നത്. ഇതോടൊപ്പം ലക്ഷകണക്കിന് ചില്ലറ വില്‍പ്പന കടകളെ തങ്ങളുടെ ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാക്കുമെന്ന് കമ്പനി അറിയിച്ചു.ഈ വര്‍ഷം സമാപനത്തോടെ ജിയോ മാര്‍ട്ട് പൂര്‍ണസജ്ജമാകും.