എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരുടെ ജോലിയും ബോണസും സുരക്ഷിതമെന്ന് ആദിത്യ പുരി; കോവിഡിലും ബാങ്കിന് മികച്ച പ്രവര്‍ത്തനം

October 07, 2020 |
|
News

                  എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരുടെ ജോലിയും ബോണസും സുരക്ഷിതമെന്ന് ആദിത്യ പുരി; കോവിഡിലും ബാങ്കിന് മികച്ച പ്രവര്‍ത്തനം

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിലെ ജീവനക്കാര്‍ക്ക് അവരുടെ ജോലിയും ബോണസും സുരക്ഷിതമാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി ഉറപ്പ് നല്‍കി. കൊവിഡ്-19 പകര്‍ച്ചവ്യാധി രൂക്ഷമാകുമ്പോഴും, ബാങ്ക് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതിയായ മൂലധനമുണ്ടെന്നും ഈ മാസം അവസാനം ബാങ്കില്‍ നിന്ന് വിരമിക്കുന്ന പുരി ജീവനക്കാരോട് പറഞ്ഞു.

അടുത്തിടെ അവസാനിച്ച ജൂലൈ-സെപ്റ്റംബര്‍ പാദത്തിലും ബാങ്ക് ശക്തമായ ത്രൈമാസ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് അദ്ദേഹം സൂചന നല്‍കി. പല തൊഴില്‍ മേഖലകളില്‍ തൊഴില്‍ നഷ്ടവും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലും എച്ച്ഡിഎഫ്സി ബാങ്കും മറ്റ് സ്വകാര്യ മേഖലയിലെ ബാങ്കുകളും ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവും ബോണസ് കൃത്യമായി തന്നെ നല്‍കിയിരുന്നു.

നിങ്ങളുടെ ജോലികള്‍ മാത്രമല്ല, ഇന്‍ക്രിമെന്റും ബോണസും പ്രൊമോഷനും സുരക്ഷിതമാണെന്ന് പുരി കഴിഞ്ഞ ആഴ്ച ഒരു വീഡിയോ സന്ദേശത്തില്‍ ബാങ്കിലെ 1.15 ലക്ഷത്തിലധികം ജീവനക്കാരോട് പറഞ്ഞു. തുടക്കം മുതല്‍ 25 വര്‍ഷത്തിലേറെയായി ബാങ്ക് നയിച്ച പുരി, തന്റെ പിന്‍ഗാമിയായ ശശിധര്‍ ജഗദീശന്‍ ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് ടീമിന്റെ പിന്തുണയും ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്തു. ബാങ്ക് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആവശ്യമായ മൂലധനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടീമായി പ്രവര്‍ത്തിക്കാനും ബാങ്ക് മുന്നോട്ട് വച്ചിരിക്കുന്ന കാഴ്ചപ്പാടുകള്‍ പിന്തുടരാനും അദ്ദേഹം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. ബാങ്കിന്റെ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിക്കുന്നതിനു മുമ്പാണ് പുരി ജീവനക്കാരോട് സംസാരിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ബാങ്ക് തോല്‍വി അംഗീകരിച്ചിട്ടില്ലെന്നും രണ്ട് പാദങ്ങളിലും മികച്ച ഫലങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പാദത്തിലെ പ്രവചനങ്ങളും ഇതുതന്നെയാണെന്ന് പുരി സൂചിപ്പിച്ചു.

ഉത്സവകാല ഓഫറുകളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ അവരവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ പങ്കിടാനും ജീവനക്കാരോട് ആവശ്യപ്പെടുകയും ഒരു പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ 'ലൈക്കുകള്‍' നേടുന്ന ജീവനക്കാരനുമായി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചാറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ വായ്പക്കാരനായ ആക്‌സിസ് ബാങ്കും തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved