
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം പ്രത്യേക സാമ്പത്തിക മേഖലകളിലെ പാട്ടത്തുകയോ വാടകയോ ഉയര്‍ത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യവസായ യൂണിറ്റുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഗണിച്ചാണ് നടപടി. നിയത വകുപ്പുമായി കൂടിയാലോചിച്ചാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
ആദ്യ പാദത്തിനായുള്ള പാട്ടത്തുക നല്‍കുന്നതിന്റെ സമയപരിധി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. നീട്ടിനല്‍കിയ സമയത്തിന് പലിശ ഈടാക്കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള നടപടികള്‍ക്ക് ഡെവലപ്മെന്റ് കമ്മിഷ്ണര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും അധീനതയിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ സമാന നടപടികള്‍ കൈക്കൊള്ളാന്‍ വികസന കമ്മിഷ്ണര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വ്യാവസായിക മേഖലയും സാമ്പത്തിക പ്രവര്‍ത്തനങ്ങളും നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാക്കേജ് പ്രഖ്യാപനം വൈകുന്നത് വിവിധ തലങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.