വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ കുറവുണ്ടാകുമെന്ന് ലോകബാങ്ക്; 9 ശതമാനം ഇടിവുണ്ടാകും

October 31, 2020 |
|
News

                  വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ കുറവുണ്ടാകുമെന്ന് ലോകബാങ്ക്;  9 ശതമാനം ഇടിവുണ്ടാകും

മുംബൈ: കോവിഡ് മഹാമാരിയുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2020-ല്‍ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളര്‍ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. എങ്കിലും വിദേശത്ത് നിന്നുള്ള പണം വരവില്‍ ഇന്ത്യ തന്നെയായിരിക്കും മുന്നില്‍. ചൈന, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവ തുടര്‍ന്നുള്ള നാലു സ്ഥാനങ്ങളില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തവര്‍ഷം ആഗോളതലത്തില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കും. 2021-ല്‍ കോവിഡിനു മുമ്പുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ 14 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കാര്യമായി ബാധിച്ചതായി ലോകബാങ്കിന്റെ മൈഗ്രേഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂര്‍ത്തി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറന്‍സിയുടെ മൂല്യശോഷണവും തൊഴിലാളികള്‍ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ കുറവുണ്ടാകാന്‍ കാരണമായിട്ടുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആറുലക്ഷം പേരെയാണ് ഇന്ത്യ കോവിഡ് മഹാമാരിക്കാലത്ത് തിരിച്ചെത്തിച്ചത്. അവര്‍ മടങ്ങിയ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യത കുറഞ്ഞതിനാല്‍ പകുതിയിലധികം പേര്‍ക്കും തിരികെ പോകാന്‍ കഴിഞ്ഞേക്കില്ല. വിദേശത്ത് നിന്നുള്ള പണം വരവ് ഏറ്റവും കുറയുക യൂറോപ്പിലും മധ്യേഷ്യയിലുമായിരിക്കും. എട്ടു മുതല്‍ 16 ശതമാനം വരെയാണ് ഇവിടങ്ങളില്‍ കുറവുണ്ടാകുക. ദക്ഷിണേഷ്യയില്‍ നാലു ശതമാനമായിരിക്കും ഇത്.

Related Articles

© 2025 Financial Views. All Rights Reserved